നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും ജനവിധി തേടുന്ന മമത, നാമനിര്‍ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇവിടെയെത്തിയത്. വൈകിട്ട് ആറരയോടെയാണ് ഇവർക്ക് നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. 'ഗ്രാമത്തിലെ ജനങ്ങളുമായി സംവദിക്കുന്നതിനിടെ പെട്ടെന്ന് രംഗം വഷളാവുകയായിരുന്നു. അവിടെയുണ്ടായിരുന്ന ചില ആളുകളുടെ ആക്രമണത്തിൽ അവർ താഴെ വീണു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് സുരക്ഷിതമാക്കി. കാലിന് പരിക്ക് പറ്റിയെന്നും നെഞ്ച് വേദന അനുഭവപ്പെടുന്നുണ്ടെന്നും അപ്പോളാണ് അവർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്' ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു.
advertisement
ബിറുലിയയിൽ ജനങ്ങളുമായി സംവദിച്ച ശേഷം ഒരു ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ മടങ്ങുന്ന വഴിയാണ് ആക്രമണം നടന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ട്. 'ഡോർ തുറന്ന് കാറിന് സമീപത്ത് നിൽക്കുകയായിരുന്നു മമത. പെട്ടെന്ന് കുറെ ആളുകൾ അവർക്കരികിലെത്തി കാറിന്‍റെ ഡോർ അവരുടെ അടുത്തേക്ക് തള്ളി. താഴേക്ക് വീണ മമതയുടെ ഇടതുകാലിൽ ഡോർ വന്നടിക്കുകയായിരുന്നു'. എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട്. അവരുടെ കാല് വീർത്തു വന്നു. നെഞ്ച് വേദനയും ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
'എന്റെ കാലിലേക്ക് നോക്കൂ. വീക്കം ഉണ്ട്. എനിക്ക് പനി പോലെ തോന്നുന്നു. ദയവായി എന്നെ വെറുതെ വിടു. എനിക്ക് നെഞ്ചുവേദനയുണ്ട്… സുഖമില്ല. ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോകണം' എന്നാണ് കാറിലേക്ക് കയറ്റുന്നതിനിടെ മമത മാധ്യമങ്ങളോട് പറഞ്ഞത്. 'ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്.. എനിക്ക് ചുറ്റും പൊലീസുകാരില്ലാത്തതിനാൽ നന്നായി ആസൂത്രണം ചെയ്ത് തന്നെ നടപ്പാക്കിയതാണ്.. എന്റെ കാറിന്റെ വാതിൽ തള്ളി എന്നെ ഗുരുതരമായി പരിക്കേൽപ്പിച്ച രണ്ടുപേർ ജനക്കൂട്ടത്തിലുണ്ടായിരുന്നു. എന്നെ ഒരു ആശുപത്രിയിൽ പോകാൻ അനുവദിക്കൂ' എന്നായിരുന്നു വാക്കുകൾ.
അതേസമയം ആക്രമണം വ്യാജമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. വോട്ട് ലഭിക്കുന്നതിനായുള്ള മമതയുടെ നാടകമാണിതെന്നാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പങ്കുവച്ച് ബിജെപി ബംഗാൾ ഘടകം പറയുന്നത്.