ഡല്‍ഹിയിലെ നിഹാര്‍ വിഹാറില്‍ 31 വയസ്സുള്ള യുവാവ് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ഓണ്‍ ചെയ്ത് ജീവനൊടുക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ലൈവായി ജീവനൊടുക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വികാസ് എന്നയാളാണ് മരിച്ചത്. തന്റെ ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ലൈവ് വീഡിയോയില്‍ വിശദമായി പറഞ്ഞുകൊണ്ടാണ് സ്വയം ജീ വനൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദാരുണമായ മരണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ഷാക്കിബ് എന്ന വ്യക്തിക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും ഇദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. ഭാര്യയുമായുള്ള ബന്ധത്തില്‍ തനിക്ക് നാല് വയസ്സ് പ്രായമുള്ള ഒരു മകനുണ്ടെന്നും വീഡിയോയില്‍ വികാസ് പറയുന്നു. ഷാക്കിബിനെ വികാസ് തന്നെയാണ് തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍, അയാള്‍ പിന്നീട് തന്റെ ഭാര്യയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് വികാസ് പറയുന്നു.
advertisement
ഇയാളുമായി ബന്ധം തുടങ്ങിയതോടെ ഭാര്യ തന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായും വികാസ് വീഡിയോയില്‍ വ്യക്തമാക്കി. അവർ ഷാക്കിബുമായി സമയം ചെലവഴിക്കാനും തുടങ്ങി. ഷാക്കിബ് നിരവധി സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വികാസ് അവകാശപ്പെടുന്നുണ്ട്.
തനിക്ക് വലിയ കടബാധ്യതകള്‍ ഉണ്ടെന്നും ഇത് തന്റെ മാനസികാരോഗ്യത്തെ ബാധിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ പലരും താന്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിശ്വസിച്ചതെന്നും പക്ഷേ, താന്‍ അവളെ സ്‌നേഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഞാന്‍ വിവാഹിതനായിട്ട് അഞ്ച് വര്‍ഷമായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം എന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു. കടബാധ്യതകള്‍ക്ക് ഞാന്‍ തന്നെയാണ് ഉത്തരവാദി. എന്നാല്‍ എന്റെ ഭാര്യയെ ഞാന്‍ സ്‌നേഹിച്ചിരുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല", അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
തന്റെ മരണശേഷം നാല് വയസ്സുള്ള മകനെ തന്റെ മാതാപിതാക്കളെയോ സഹോദരിയെയോ ഏല്‍പ്പിക്കണമെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. കുട്ടിയെ വളര്‍ത്താന്‍ തന്റെ ഭാര്യയ്ക്ക് സ്ഥിരവരുമാനമില്ലെന്നും അവള്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നും അയാള്‍ ചൂണ്ടിക്കാട്ടി.
ബുധാനാഴ്ച രാവിലെയാണ് ഒരാള്‍ തൂങ്ങിമരിച്ചതായി ഡല്‍ഹി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിവരം ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയിലെ ഉള്ളടക്കം പരിശോധിച്ചുവരികയാണ്. മറ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A man ends life in live video upon finding his wife had an extra marital affair with another man