സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്ഷീരസാഗറിന്റെ സഹപ്രവര്‍ത്തകയായ യശോദ ഷെട്ടിയെയും ഭര്‍ത്താവ് ബികെ ജീവനെയും പോലീസ് അറസ്റ്റ് ചെയ്തു.
തട്ടിപ്പ് നടത്തുന്നതിനായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ അക്കൗണ്ടിന് സമാനമായ വിലാസമുള്ള പുതിയ ഇമെയില്‍ അക്കൗണ്ട് ക്ഷീരസാഗര്‍ തുറന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഓഫീസില്‍ നിന്നുള്ള പഴയ ലെറ്റര്‍ഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയില്‍ അയക്കുകയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഇമെയിലിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം ബാങ്ക് ക്ഷീരസാഗറുമായി ഇടപാടുകള്‍ നടത്തി. തുടര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പാടാക്കുകയും ഒടിപിയും മറ്റ് വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള കാലയളവില്‍ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് 21.6 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
advertisement
1.3 കോടി രൂപയുടെ എസ്‌യുവിയും 1.2 കോടി രൂപയുടെ ബിഎംഡബ്ല്യു കാറും 32 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു ബൈക്കും വാങ്ങാന്‍ ക്ഷീരസാഗര്‍ ഈ പണം ഉപയോഗിച്ചു. ഛത്രപതി സംഭാജിനഗര്‍ വിമാനത്താവളത്തിനടുത്ത് നാല് കിടപ്പുമുറികളുള്ള ആഡംബര ഫ്‌ളാറ്റ് കാമുകിക്ക് ഇയാള്‍ സമ്മാനിച്ചു. കൂടാതെ, ഡയമണ്ട് പതിച്ച കണ്ണടകള്‍ വാങ്ങി നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.എഫ്‌ഐആറില്‍ മൂന്ന് പേരുകളാണ് ചേര്‍ത്തിരിക്കുന്നതെന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കദം പറഞ്ഞു.
''രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഒരാള്‍ ഒളിവിലാണ്. ബിഎംഡബ്ല്യു കാറും ബൈക്കും ആഡംബര അപ്പാര്‍ട്ട്‌മെന്റും വാങ്ങിയതായും സ്വര്‍ണാഭരണങ്ങള്‍ക്ക് ഓഡര്‍ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്രധാന പ്രതിയായ ക്ഷീരസാഗറിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്,'' പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.