ജനുവരി രണ്ടിന് ജാർഖണ്ഡിലെ കുഖി സ്വദേശിയായ രാജേഷ് കുമാർ എന്നയാൾ ഒരു ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഹുസൈനാബാദ് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
ഒഡീഷ കേഡറിൽ നിന്നുള്ള 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് താനെന്നും നിലവിൽ ഭുവനേശ്വറിൽ ചീഫ് അക്കൗണ്ട് ഓഫീസറാണെന്നും ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പരിചയപ്പെടുത്തി. കൂടാതെ ഹൈദരാബാദ്, ഭുവനേശ്വർ, ഡെറാഡൂൺ എന്നിവടങ്ങളിൽ താൻ സേവനം ചെയ്തിട്ടുണ്ടെന്നും കുമാർ പറഞ്ഞു.
പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് താൻ ഒരു ഐപിടിഎഎഫ്എസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇത് പോലീസ് ഉദ്യോഗസ്ഥരിൽ സംശയത്തിന് ഇടയാക്കി. കുമാർ പോയതിന് ശേഷം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തുകയും ഇയാൾ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
advertisement
ഇതിന് പിന്നാലെ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താൻ നാല് തവണ യുപിഎസ് സി പരീക്ഷ എഴുതിയിരുന്നതായും എന്നാൽ പരാജയപ്പെട്ടുവെന്നും അയാൾ വെളിപ്പെടുത്തി. അച്ഛന്റെ മുന്നിൽ വിജയി ആണെന്ന് കാണിക്കാൻ വേണ്ടിയും അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിനുമായി താൻ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുകയായിരുന്നുവെന്ന് കുമാർ പറഞ്ഞു.
വ്യാജ ഐഡി കാർഡും ഇന്ത്യാ ഗവൺമെന്റ് എന്ന് എഴുതിയ വ്യാജ നെയിംപ്ലേറ്റുള്ള ഹ്യൂണ്ടായി ഇറ കാർഡും താൻ സ്വന്തമാക്കിയതായി കുമാർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
കുമാർ കുറ്റസമ്മതം നടത്തിയതായും ഇതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഹുസൈനാബാദ് എസ്ഡിപിഒ എസ്. മുഹമ്മദ് യാക്കൂബ് പറഞ്ഞു. പ്രതിക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
