ജിരിബാം ജില്ലയിൽ നടന്ന മൂന്നുപേരുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ഇംഫാലിൽ കർഫ്യു പ്രഖ്യാപിക്കുകയും ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും ഇംഫാലിലുള്ള വീടുകളിലേക്ക് അക്രമാസക്തമായ ജനക്കൂട്ടം ഇരച്ചു കയറി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ്റെ വസതിക്ക് നേരെയും ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി എൽ. സുശീന്ദ്രോ സിങ്ങിൻ്റെ വീടിന് നേരെയുമാണ് ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
advertisement
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ മരുമകന്റെ വസതി ഉൾപ്പ്ടെ എംഎൽഎമാരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി. കൊലപാതകം നടത്തിയവരെ 24 മണിക്കൂറിനുള്ളിൽ പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായും വീടുകൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തതായും മണിപ്പൂർ പൊലീസ് അറിയിച്ചു.
ജിരിബാമിൽ നിന്ന് തിങ്കളാഴ്ച കാണാതായ 6 പേരിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ജിരി നദിയിൽ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് സംഘർഷങ്ങൾക്ക് ആക്കം കൂടിയത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ആസാമിലെ സിൽചാറിലുള്ള ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മണിപ്പൂരിലെ ജിരിബാമിൽ മെയ്തി വിഭാഗത്തിൽപ്പെട്ട സ്ത്രീകളും കുട്ടികളെയുംടക്കം ആറു പേരെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ സംഘർഷങ്ങൾ ശക്തയിരുന്നു. അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.