ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഹിദ്മയുടെ രണ്ടാം ഭാര്യ രാജെ എന്ന രാജാക്ക അടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിന്‍റെ മാവോയിസ്റ്റ് വേട്ടയിലെ നിർണായക വഴിത്തിരിവാണ് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ എന്ന് വിലയിരുത്തപ്പെടുന്ന മാദ്വിയുടെ അന്ത്യം.മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള പിഎൽജിഎ ഒന്നാം ബറ്റാലിയന്റെ ഉന്നത കമാന്ററായിരുന്നു മാദ്വി ഹിദ്‌മ.
ഇത്രയും നാൾ നാല് തലങ്ങളിലുള്ള സുരക്ഷാ വലയത്തിനുള്ളിൽ ഹിദ്മ അതീവ സുരക്ഷിതനായിരുന്നു. അടുത്തിടെ കീഴടങ്ങിയ വിശ്വസ്ത അനുയായിൽ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങൾ പിന്തുടർന്നെത്തിയ ഓപ്പറേഷനിലാണ് അന്ത്യം. ഛത്തീസ്ഗഡിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ രാവിലെ 6 മണിയോടെ മരേഡുമില്ലി വനത്തിൽ വച്ചാണ് ഹിദ്മയെയും ആറംഗ സംഘത്തെയും സുരക്ഷാ സേന വളഞ്ഞത്. അതിർത്തിയിലെ വനങ്ങളിലൂടെയായിരുന്നു സംഘത്തിന്റെ സഞ്ചാരം എന്നാണ് വിവരം.
advertisement
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ആന്ധ്രാ, ഛത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ കേന്ദ്ര ഏജൻസികൾ മാവോയിസ്റ്റ് നീക്കം റിപ്പോർട്ടു ചെയ്തിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതനുസരിച്ച്, നക്സൽ വിരുദ്ധ ഗ്രേഹൗണ്ട്സും ലോക്കൽ പൊലീസും തിങ്കളാഴ്ച രാത്രി ആരംഭിച്ച കോമ്പിംഗ് ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
മധ്യപ്രദേശിലെ പുർവതിയിൽ (ഇപ്പോൾ ഛത്തീസ്ഗഡ് ) 1981 ൽ ഗോത്രവർഗ കുടുംബത്തിൽ ജനിച്ച മാദ്വി ഹിദ്മ പത്താം ക്‌ളാസ് വരെ വിദ്യാഭ്യാസം നേടി. 90കളിൽ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. തുടർന്ന് വളരെ വേഗം സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയിലെ ഏക ബസ്തർ ഗോത്രക്കാരനും പിന്നീട് സെൻട്രൽ മിലിറ്ററി കമ്മീഷൻ തലവനുമായി മാറി.
2010ൽ 76 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ദന്തേവാഡ ആക്രമണം, 2013ൽ ഛത്തീസ്ഗഢ് പ്രതിപക്ഷ നേതാവ് അടക്കം കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ ഒന്നാകെ കൊലപ്പെടുത്തിയ ഝിറാം ഘാട്ടി ആക്രമണം, 2021ൽ സുക്മയിൽ 21 സുരക്ഷാ സൈനികരെ വധിച്ച സുക്മ ആക്രമണം തുടങ്ങിയവയുടെയെല്ലാം സൂത്രധാരനാണ്.
പലപ്പോഴായി ഒരു കോടി രൂപ വരെ സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന ഹിദ്മയോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ ഒരാഴ്ച മുൻപ് ഇയാളുടെ അമ്മ അഭ്യർത്ഥിച്ചിരുിന്നു.
ബസവ രാജു വധത്തിനും വേണുഗോപാല റാവുവിന്‍റെ കീഴടങ്ങലിനും പിന്നാലെ മാദ്വി ഹിദ്മയും കൊല്ലപ്പെടുമ്പോൾ സുരക്ഷാസേനയ്ക്ക് അതിനിർണായക നേട്ടമാണിത്. 2026 മാർച്ച് അവസാനത്തോടെ രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കണമെന്ന അമിത് ഷായുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതാണ് ഇന്നത്തെ ഓപ്പറേഷൻ.
