മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട സാഹചര്യത്തിൽ അതാരും കാണാതിരിക്കാനുള്ള മുൻകരുതലുകളും ഇവർ സ്വീകരിക്കുന്നുണ്ടെന്നാണ് വിവരം. മാവോയിസ്റ്റുകളെക്കുറിച്ച് ഗ്രാമവാസികൾ പോലീസിന് വിവരം നൽകുന്നത് തടയാനാണ് ഈ ഭീഷണി. വിലക്ക് ഭേദിച്ച് മൊബൈൽ ഉപയോഗിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മാവോയിസ്റ്റുകളുടെ ഭീഷണി. തങ്ങൾ വളരെ ഭയത്തോടെയാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതെന്നും കൂടുതൽ സമയവും ഞങ്ങളുടെ ഫോണുകൾ സൈലന്റോ അല്ലെങ്കിൽ സ്വിച്ച് ഓഫോ ആണെന്ന് പ്രദേശ വാസികൾ പറയുന്നു.
എന്നാൽ ഭയപ്പെടേണ്ട കാര്യം ഇല്ലെന്നും, മാവോയിസ്റ്റുകൾക്കെതിരെ ഉള്ള നീക്കങ്ങൾ വർധിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം. മാവോയിസ്റ്റുകൾക്കാവശ്യമായ സഹായങ്ങൾ ഒന്നും ചെയ്ത് നൽകരുതെന്ന് തങ്ങൾ ഗ്രാമവാസികളോട് നിർദ്ദേശിച്ചതായി പോലീസ് വ്യക്തമാക്കി. 2020 ൽ മാവോയിസ്റ്റ് രഹിത ജില്ലയായി ബൗധിനെ പ്രഖ്യാപിച്ച ശേഷമാണ് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസത്തിൽ മാത്രം 4 തവണയാണ് മാവോയിസ്റ്റ് സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവെയ്പ്പ് നടന്നത്.
advertisement
ജില്ലയിൽ പല സ്ഥലങ്ങളിലായി മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്. ബൗധിനെ ഇടതു പക്ഷ തീവ്രവാദം നിലനിൽക്കുന്ന ഒരു ജില്ലയായി പ്രഖ്യാപിക്കണമെന്ന് പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾക്ക് നൽകുന്ന കേന്ദ്രത്തിന്റെ സുരക്ഷാ ചെലവുകളിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.