ഓറഞ്ച് നിറമുള്ള സ്ട്രാപ്പും സ്ലീക്ക് ഗോള്‍ഡ് ഡയലുമുള്ള വാച്ച് ധരിച്ചുനില്‍ക്കുന്ന ചിത്രം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സല്‍മാന്റെ പ്രവര്‍ത്തിയില്‍ ആശങ്ക രേഖപ്പെടുത്തി ഇസ്ലാമിക നിയമങ്ങളെക്കുറിച്ച് തന്നോട് നിരവധി പേര്‍ അന്വേഷിച്ചതായും മുസ്ലീം ഇതര കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മൗലാന റസ്‌വി പറഞ്ഞു.
"സല്‍മാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ശരിയത്ത് നിയമങ്ങൾ സംബന്ധിച്ച് നിരവധിപേർ എന്നോട് ചോദിച്ചിരുന്നു. അദ്ദേഹം ചെയ്ത പ്രവര്‍ത്തി സംബന്ധിച്ചുള്ള ശരിഅത്ത് വിധി എന്താണ് എന്ന് ഞാന്‍ നിങ്ങളോട് വിശദമാക്കാം. രാമക്ഷേത്രത്തിന്റെ പ്രചാരണത്തിനായി നിര്‍മിച്ച റാം പതിപ്പ് വാച്ച് ആണ് അദ്ദേഹം ധരിച്ചത്. ഒരു മുസ്ലീമായിരിക്കെ അത്തരമൊരു വാച്ച് കയ്യില്‍ ധരിക്കുന്നത് നിയമവിരുദ്ധവും ഹറാമുമാണ്,'' മൗലാന റസ്വിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
വലിയ മുസ്ലീം ആരാധകവൃദ്ധമുള്ള ഒരു പ്രമുഖ നടന്‍ എന്ന നിലയില്‍ സല്‍മാന്‍ ഖാന്‍ ഇസ്ലാമിക വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "സല്‍മാന്‍ ഖാന്‍ ഇന്ത്യയിലെ പ്രശസ്തനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. കൂടാതെ അദ്ദേഹം ഒരു മുസ്ലീമുമാണ്," മൗലാന റസ്‌വി പറഞ്ഞു.
"ഏതെങ്കിലും ഒരു മുസ്ലീം, അത് സല്‍മാന്‍ ഖാന്‍ ആണെങ്കില്‍ പോലും, രാമക്ഷേത്രമോ മറ്റേതെങ്കിലും മുസ്ലീം ഇതര കാര്യങ്ങളോ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അത് നിയമവിരുദ്ധവും ഹറാമുമാണ്. ശരിഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ ഞാന്‍ സല്‍മാന്‍ ഖാനോട് അഭ്യര്‍ഥിക്കുന്നു," മൗലാന പറഞ്ഞു.
സല്‍മാന്‍ ഖാന്റെ രാം മന്ദിര്‍ എഡിഷന്‍ വാച്ച്
34 ലക്ഷം രൂപ വിലമതിക്കുന്ന ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ചായിരുന്നു. ഇത് വെറുമൊരു വാച്ചല്ല. മറിച്ച് ഇന്ത്യയുടെ സമ്പന്നമായ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകവുമായി സമന്വയിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണിത്.
ഈതോസ് വാച്ചസുമായി സഹകരിച്ചാണ് ഈ ലിമിറ്റഡ് എഡിഷന്‍ വാച്ച് നിര്‍മിച്ചിരിക്കുന്നത്. ഡയലിലും ബെസലിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വിശദമായ കൊത്തുപണികൾ വളരെ സൂക്ഷ്മമായി ചെയ്തിട്ടുണ്ട്.