വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണത്തിനായി നാല് സംഘങ്ങളെ നിയോഗിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലവും സന്ദർശിച്ചു. മാംസം എങ്ങനെയാണ് ക്ഷേത്രത്തിനുള്ളിൽ വന്നതെന്ന് കണ്ടെത്താൻ പോലീസ് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒരു പൂച്ചയാണ് ക്ഷേത്രത്തിൽ മാംസ കഷണം കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ പൊലീസും ഞെട്ടിയിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ വടക്കോട്ട് അഭിമുഖമായുള്ള ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഒരു പൂച്ച വായിൽ മാംസക്കഷണം കടിച്ചുകൊണ്ട് ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നത് വ്യക്തമായെന്നും വീഡിയോ തെളിവുകൾ പ്രകാരം മാംസം കൊണ്ടുവച്ചത് പൂച്ചയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
advertisement
ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായാണ് മാംസ കഷണം കണ്ടെത്തിയത്. ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ പ്രദേശത്ത് നൂറ് കണക്കിന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
പൂച്ചയാണ് മാംസം കൊണ്ടുവച്ചതെന്ന് കണ്ടെത്തിയതോടെ സ്ഥിതിഗതികൾ ശാന്തമാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്വേഷമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങളോട് പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കൊണ്ട സുരേഖ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.