ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ (SMVDIME) എംബിബിഎസ് പ്രോഗ്രാമിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പ്രവേശനം ഏതെങ്കിലും പ്രത്യേക സമുദായത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മുൻഗണനയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
"ശ്രീ മാതാ വൈഷ്ണോദേവി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയപ്പോൾ, ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആൺകുട്ടികളെയും പെൺകുട്ടികളെയും അതിൽ നിന്ന് മാറ്റി നിർത്തുമെന്ന് എവിടെയാണ് എഴുതിയിരുന്നത്? മതത്തിന്റെ അടിസ്ഥാനത്തിലല്ല, മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ സർവകലാശാലയിലേക്കുള്ള പ്രവേശനം നടത്തുകയുള്ളൂ" -അബ്ദുള്ള തന്റെ പ്രസ്താവനയിൽ പറഞ്ഞു.
കത്ര ആസ്ഥാനമായുള്ള മെഡിക്കൽ കോളേജിലെ എംബിബിഎസ് പ്രവേശനത്തിൽ 50 ൽ 42 സീറ്റുകളും മുസ്ലീം വിദ്യാർത്ഥികൾക്ക് അനുവദിച്ചതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഹിന്ദു വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി സീറ്റുകൾ സംവരണം ചെയ്യണമെന്ന് ബിജെപിയും നിരവധി ഹിന്ദു ഗ്രൂപ്പുകളും ആവശ്യപ്പെട്ടതോടെയാണ് വിഷയം ചർച്ചകൾക്ക് വഴിയൊരുക്കിയത്.
പ്രവേശന പ്രക്രിയയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബിജെപി നേതാക്കളെ, പ്രത്യേകിച്ച് സുനിൽ ശർമ്മയെ, ലക്ഷ്യം വച്ചായിരുന്നു ഒമർ അബ്ദുള്ളയുടെ പരമാർശം. ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയും ഹിന്ദുത്വ സംഘടനകളുടെ പ്രതിനിധികളും ശനിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് മുസ്ലീം ഭൂരിപക്ഷ പ്രവേശനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചിരുന്നു. മാതാ വൈഷ്ണോ ദേവിയുടെ ഭക്തർക്കിടയിലും വിശാലമായ ഹിന്ദു സമൂഹത്തിലും ഇത് രോഷം ജനിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ശർമ്മയുടെ വാദം.
