കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാരുടെ എണ്ണം വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഒരു കുടുംബവാഴ്ചാ ക്ലബ്ബായി മാറിയെന്നും അതുകൊണ്ടാണ് ആദ്യം മില്ലേനിയലുകളും ഇപ്പോൾ ജനറേഷൻ ഇസഡും (Gen-Z) ആ പാർട്ടിയെ പാഠം പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ദൗത്യം വെറും അന്ധമായ എതിർപ്പല്ല, മറിച്ച് മികച്ച ബദൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എഐ ഉച്ചകോടിക്കിടയിലെ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, രാജ്യം മുഴുവൻ അഭിമാനിച്ചിരുന്ന നിമിഷത്തെ തകർക്കാനാണ് അവർ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തി. വിദേശ അതിഥികൾക്ക് മുന്നിൽ ഷർട്ട് ഊരി പ്രതിഷേധിച്ചതിലൂടെ കോൺഗ്രസ് അവരുടെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിൽ നിന്നുള്ള നിരാശയും അഹങ്കാരവും കൂടുമ്പോഴാണ് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ചിന്താഗതികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും പ്രതിപക്ഷ സർക്കാരുകളെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ ആയുഷ്മാൻ ഭാരത് പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പാവപ്പെട്ടവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അവർ തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പ്രകാരം അനുവദിച്ച വീടുകളിൽ മൂന്ന് ലക്ഷത്തോളം എണ്ണത്തിന്റെ നിർമ്മാണം ഡിഎംകെ സർക്കാർ താൽപ്പര്യമെടുക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളോടുള്ള ഈ സർക്കാരുകളുടെ ഉദ്ദേശശുദ്ധി ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും മോദി പറഞ്ഞു.
