മേവാറിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഉദയ്പൂരില്‍ 2500 കോടിയുടെ 17 റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തവെയായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.
"ബാന്‍ഡികുയി മുതല്‍ ജയ്പൂര്‍ വരെ 1370 കോടി രൂപ ചെലവ് വരുന്ന 67 കിലോമീറ്റര്‍ നാലുവരി എക്‌സ്പ്രസ്‌വേ നിര്‍മ്മിക്കുകയാണ്. ഇവയുടെ നിര്‍മ്മാണം 2024 നവംബറോടെ പൂര്‍ത്തിയാകും. അതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് രണ്ട് മണിക്കൂറിനുള്ളില്‍ എത്താനാകും," മന്ത്രി പറഞ്ഞു.
മൃഗങ്ങള്‍ റോഡ് മുറിച്ച് കടക്കാതിരിക്കാന്‍ അവയ്ക്കായി പ്രത്യേകം മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ പാതയാണ് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ എന്നും അദ്ദേഹം പറഞ്ഞു.
advertisement
''ലോകോത്തര നിലവാരമുള്ള റോഡുകളാണ് രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. അതില്‍ എനിക്ക് സന്തോഷമുണ്ട്,'' എന്നും അദ്ദേഹം പറഞ്ഞു.
2024 അവസാനിക്കുന്നതിന് മുമ്പ് രാജസ്ഥാനിലെ ദേശീയ പാതകള്‍ അമേരിക്കയിലെ റോഡുകളുടെ നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ കേന്ദ്രസര്‍ക്കാര്‍ 60000 കോടി രൂപയുടെ എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടൂറിസവുമായി ബന്ധപ്പെട്ട് പ്രാധാന്യമര്‍ഹിക്കുന്ന രാജസ്ഥാനിലെ പ്രദേശമാണ് ഉദയ്പൂര്‍ എന്ന് സംസ്ഥാന മുഖ്യന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. രാജസ്ഥാന്റെ കശ്മീര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് ഉദയ്പൂര്‍ എന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജസ്ഥാനില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടതെന്നും ഇതെല്ലാം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റിട്ട് 60 ദിവസം പുര്‍ത്തിയാക്കുകയാണെന്നും സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ മഹാറാണ പ്രതാപ് ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനവിശ്വാസമാണ് സര്‍ക്കാരിന് മുഖ്യം. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.