മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള തർക്കത്തിൽ ഡി കെ ശിവകുമാറിനെ പരസ്യമായി പിന്തുണച്ച കർണാടക കോൺഗ്രസ് എംഎൽഎമാരുടെ ഒരു സംഘം ഡൽഹിയിൽ എത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ പകുതി ദൂരം പിന്നിടുമ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നതിനിടയിലാണ് ഈ നീക്കം.
advertisement
കർണാടക സർക്കാരിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം മാസങ്ങളായി ഭരണകക്ഷിയായ കോൺഗ്രസിനെ അലട്ടിയിരുന്നു. ഇതിനിടയിലാണ് ഡി കെ ശിവകുമാർ പക്ഷത്തെ എംഎൽഎ മാർ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നത്. 100 കോൺഗ്രസ് എംഎൽഎമാർ ഡികെഎസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനും സംഘത്തിലുണ്ട്. ശിവകുമാർ ഉൾപ്പെടുന്ന രാഷ്ട്രീയപരമായി സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ള എം.എൽ.എമാരും സംഘത്തിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
അതേസമയം "എനിക്ക് വേണ്ടി എം.എൽ.എമാർ ആരും ബാറ്റ് ചെയ്യേണ്ടതില്ല എന്ന് വിഷയത്തോട് ഡികെ ശിവകുമാർ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ ശക്തമായ മത്സരം ഉണ്ടായിരുന്നു, എന്നാൽ കോൺഗ്രസ് ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കർണാടക പിസിസി അധ്യക്ഷ പദവിയുംനൽകി. രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുന്ന "റൊട്ടേഷണൽ ഫോർമുല" അടിസ്ഥാനമാക്കിയുള്ള ഒരു ഒത്തുതീർപ്പിനെക്കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പാർട്ടി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ ശിവകുമാറിന് അധികാര കൈമാറ്റം ചർച്ച ചെയ്യാൻ കർണാടകത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളായ ഇഖ്ബാൽ ഹുസൈൻ, എം ശിവണ്ണ, എച്ച് ശ്രീനിവാസ്, രംഗനാഥ് എന്നിവർ കെ സി വേണുഗോപാലിനെയും രൺദീപ് സുർജേവാലയെയും കാണാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു .കർണാടക മന്ത്രി എൻ. ചാലുവരായസ്വാമിയും വ്യാഴാഴ്ച ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് താൻ ഡൽഹിയിലെത്തിയതെന്നും ഈ യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി മാറ്റത്തിനായി ഒരു തരത്തിലുള്ള ലോബിയിംഗും ഇരു ക്യാമ്പുകളിൽ നിന്നും സ്വീകരിക്കില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.
