രാജ്യത്ത് മുസ്‌ലിങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും വർധിച്ചുവരികയാണെന്ന് ആരോപിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച കർശനമായ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
2018-ലെ പ്രസിദ്ധമായ തെഹ്സീൻ പൂനവാല കേസിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനായി കോടതി ചില പ്രത്യേക നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇവ പാലിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്നും ഇത്തരം വീഴ്ച വരുത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
advertisement
ബിഹാറിൽ മുസ്ലിങ്ങൾക്കെതിരെ നടന്ന വിവിധ അക്രമ സംഭവങ്ങളുടെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അഭിഭാഷകൻ പി.എസ്. സുൾഫിക്കർ അലി വഴി ഹർജി സമർപ്പിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ട അതിക്രമങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കണമെന്നും ഹർജിയിലൂടെ സമസ്ത ആവശ്യപ്പെടുന്നു.
