പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ശക്തമായ തെളിവുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിയായ അല്‍താഫ് ഖാനെ പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്.
''തെളിവുകളൊന്നുമില്ലാതെ എന്റെ കക്ഷി കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലിലാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിരവധി പിശകുകള്‍ കോടതി ചൂണ്ടിക്കാട്ടുകയും അയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുകയാണ്. വിധി പ്രസ്താവിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഖാന്റെ അമ്മ മകന്‍ കുറ്റവിമുക്തനാക്കപ്പെട്ടതറിഞ്ഞ് സന്തോഷാധിക്യത്താല്‍ ബോധരഹിതയായി. പ്രാഥമിക ചികിത്സ നല്‍കുന്നതിനായി അവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി,'' ഖാനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗണേഷ് ഘോലാപ് പറഞ്ഞു.
advertisement
ലിഫ്റ്റ് ടെക്‌നീഷനായി ജോലി ചെയ്തു വരികയായിരുന്നു ഖാന്‍. വീടിന്റെ വാടകയുമായി ബന്ധപ്പെട്ട് ഖാന്റെ കുടുംബവും അയല്‍വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരന്റെ ഭാര്യ മഹാത്മാ ഫൂലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഖാന്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവര്‍ പരാതിയില്‍ ആരോപിക്കുകയായിരുന്നു.
പരാതി നല്‍കിയതിന് പിന്നാലെ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ കക്ഷി അനുഭവിച്ച അനീതിയെക്കുറിച്ച് അഭിഭാഷകന്‍ എടുത്തുപറഞ്ഞു.
''ഞങ്ങള്‍ രണ്ടുതവണ ജാമ്യത്തിന് അപേക്ഷിച്ചു. പക്ഷേ അവ രണ്ടും നിരസിക്കപ്പെട്ടു. ഇക്കാരണത്താല്‍ അല്‍താഫിന് അഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു,'' അഭിഭാഷകന്‍ പറഞ്ഞു.
പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തെളിവുകളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞിരുന്നുവെന്ന് അഭിഭാഷകന്‍ ആരോപിച്ചു. വിചാരണയ്ക്കിടെ ഇരയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പരാതി നല്‍കിയത് പെണ്‍കുട്ടിയുടെ അമ്മയാണെന്ന് മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു. അൽതാഫിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. സംഭവം നടന്ന ദിവസം അൽതാഫ് വീട് നിലനില്‍ക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞതായി അഭിഭാഷകൻ കൂട്ടിച്ചേർത്തു.