TRENDING:

പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി

Last Updated:

ഡോ. രഘുനാഥ് മാഷേല്‍കർ അനുമോദന ചടങ്ങില്‍ മുകേഷ് അംബാനി അദ്ദേഹത്തിന്റെ 54 ഓണററി പിഎച്ച്ഡികളും, റിലയൻസിലുള്ള സ്വാധീനവും, നവീകരണ ദര്‍ശനവും പ്രശംസിച്ചു

advertisement
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് അനന്ത് മാഷേല്‍കറുടെ (Dr Raghunath Mashelkar) അനുമോദന ചടങ്ങില്‍ അദ്ദേഹത്തെ കുറിച്ച് വികാരഭരിതമായി സംസാരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. മാഷേല്‍കറുടെ പുസ്തക പ്രകാശനവും 54 ഓണററി പിഎച്ച്ഡികള്‍ നേടിയ അദ്ദേഹത്തിന്റെ അപൂര്‍വ നേട്ടവും ചടങ്ങില്‍ ആഘോഷിച്ചു. അന്താരാഷ്ട്ര ഹ്യൂമന്‍ സോളിഡാരിറ്റി ഡേയോടനുബന്ധിച്ച് മുംബൈയിലെ ഹോട്ടല്‍ താജ്മഹല്‍ പാലസിലാണ് ചടങ്ങ് നടന്നത്.
പുസ്തക പ്രകാശന ചടങ്ങിൽ മുകേഷ് അംബാനി (ഇടത്) ഡോ. രഘുനാഥ് മഷേൽക്കറിനൊപ്പം
പുസ്തക പ്രകാശന ചടങ്ങിൽ മുകേഷ് അംബാനി (ഇടത്) ഡോ. രഘുനാഥ് മഷേൽക്കറിനൊപ്പം
advertisement

പത്മവിഭൂഷന്‍ അവാര്‍ഡ് ജേതാവ് കൂടിയായ മാഷേല്‍കറും സുശീല്‍ ഹോര്‍ഡെയും ചേര്‍ന്ന് രചിച്ച മോര്‍ ഫ്രം ലെസ് ഫോര്‍ മോര്‍ ഇന്നൊവേഷന്‍സ് ഹോളി ഗ്രെയ്ല്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

പരിപാടിയില്‍ മാഷേല്‍കര്‍ റിലയന്‍സിന്റെ ജൈത്രയാത്രയില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്ന് മുകേഷ് അംബാനി സംസാരിച്ചു. ഡോ. മാഷേല്‍കറുടെ ജീവിതയാത്രയില്‍ ആധുനിക ഇന്ത്യയുടെ യാത്ര താന്‍ കാണുന്നുവെന്നാണ് മുകേഷ് അംബാനി പറഞ്ഞത്. പ്രൊഫസര്‍ എം.എം. ശര്‍മ്മയും മാഷേല്‍കറും തന്റെ വ്യക്തിജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളാണെന്ന് അംബാനി പറഞ്ഞു. തന്റെ ചിന്തകളെ ഈ രണ്ട് വ്യക്തിത്വങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്നും റിലയന്‍സിന്റെ ചില നേട്ടങ്ങള്‍ക്ക് ഇരുവരും പ്രചോദനമായിട്ടുണ്ടെന്നും അംബാനി വെളിപ്പെടുത്തി.

advertisement

ചില ആളുകള്‍ ജീവിതത്തില്‍ ഒരു ബിരുദം തന്നെ നേടാന്‍ പാടുപെടുമ്പോഴാണ് മാഷേല്‍കര്‍ 54 ഡിഗ്രികള്‍ നേടിയിട്ടുള്ളതെന്നും അംബാനി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴെല്ലാം യഥാര്‍ത്ഥ ജോലി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നായിരുന്നു മാഷേല്‍കറുടെ മറുപടിയെന്നും അംബാനി ഓര്‍മ്മിപ്പിച്ചു.

"ഡോ. മാഷേല്‍കറുടെ ജീവിതയാത്രയില്‍ ആധുനിക ഇന്ത്യയുടെ യാത്ര ഞാന്‍ കാണുന്നു. മുംബൈയിലെ തെരുവുവിളക്കുകള്‍ക്ക് കീഴില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടി രാജ്യത്തിന്റെ ശാസ്ത്ര ഭാവനയെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന തരത്തില്‍ വളരുന്നു. അമ്മയുടെ സ്‌നേഹവും ദൃഢനിശ്ചയവുമാണ് കുട്ടിക്കാലത്ത് അദ്ദേഹത്തെ നയിച്ചത്. ദാരിദ്ര്യത്തില്‍ നിന്നും ലോകത്തിന്റെ മുഴുവന്‍ ആദരവും നേടുന്ന വ്യക്തിയായി അദ്ദേഹം വളര്‍ന്നു. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഇന്ത്യന്‍ സമൂഹത്തെ ഒരു മഞ്ഞുമലയായി അദ്ദേഹം പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. അവിടെ മിക്കയാളുകളും കഴിയുന്നത് ദൃശ്യമായ ഉപരിതലത്തിന് താഴെയാണ്", അംബാനി തുടര്‍ന്നു.

advertisement

ഈ മഞ്ഞുമലയെ ഉപരിതലത്തിന് മുകളിലേക്ക് ഉയര്‍ത്തുക എന്നതാണ് വെല്ലുവിളിയെന്നും ഇതിലൂടെ എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ജീവിത നിലവാരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ. ശര്‍മ്മയും മാഷേല്‍കറും തന്റെ പിതാവും പൊതുവായി ചിന്തിച്ചത് ഇതാണെന്നും മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം എന്ന ഏക ലക്ഷ്യത്തോടെയാണ് പിതാവ് ധീരുഭായ് റിലയന്‍സ് സ്ഥാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും രാജ്യത്തെ ജനങ്ങളും പുരോഗതിയിലേക്ക് നീങ്ങണമെന്നാണ് റിലയന്‍സിന്റെ ലക്ഷ്യമെന്നും അംബാനി പറഞ്ഞു.

നവഭാരതത്തിന്റെ സാധ്യതകള്‍ 

advertisement

നവഭാരതം യുവാക്കളുടെ സ്വപ്‌നത്തില്‍ നിറഞ്ഞതാണെന്നും മുകേഷ് അംബാനി പറഞ്ഞു. "ദശലക്ഷകണക്കിന് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. നമുക്ക് ഇനിയും വളരെ ദൂരം പോകാനുണ്ട്. ഡോ. മാഷേല്‍കര്‍ എപ്പോഴും പറയുന്നതുപോലെ അത് സാധ്യമാണ്. അത് തന്നെയാണ് അദ്ദേഹം ജീവിതത്തിലുടനീളം ചെയ്യുന്നതും", അംബാനി വ്യക്തമാക്കി.

90കളുടെ മധ്യത്തില്‍ റിലയന്‍സിനെ ഒരു ഇന്നൊവേറ്റീവ് കമ്പനിയാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നതായി താന്‍ മാഷേല്‍കറോട് പറഞ്ഞിരുന്നുവെന്നും അംബാനി ഓര്‍മ്മിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റിലയന്‍സ് കൈവരിച്ച നേട്ടങ്ങളില്‍ ഡോ. മാഷേല്‍കര്‍ ഒരു അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

"റിലയന്‍സിന്റെ 5,50,000 ജീവനക്കാരില്‍ ഒരു ലക്ഷം പേര്‍ സാങ്കേതിക വിദഗ്ദ്ധരാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ഇവരെല്ലാം ഇപ്പോള്‍ ആഴത്തിലുള്ള സാങ്കേതികവിദ്യയും ഇന്നൊവേഷനും ശാസ്ത്രവും നയിക്കുന്ന ഒരു കമ്പനിക്കൊപ്പമാണ്. അതാണ് ഡോ. മാഷേല്‍കര്‍ റിലയന്‍സിന് സംഭാവന നല്‍കിയത്. റിലയന്‍സ് ഇന്നൊവേഷന്‍ കൗണ്‍സില്‍ ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്. അവിടെ പ്രാദേശിക നവീകരണം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നമ്മുടെ ജനങ്ങളോട് സംസാരിക്കാന്‍ ധാരാളം നോബല്‍ സമ്മാന ജേതാക്കളെയും ആഗോള ചിന്തകരെയും ഞങ്ങള്‍ കൊണ്ടുവന്നു. 2000ലാണ് ഇത് ആരംഭിച്ചത്. അത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. ഇപ്പോള്‍ റിലയന്‍സ് ഇന്നൊവേഷന്‍ കൗണ്‍സില്‍ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു", മുകേഷ് അംബാനി അറിയിച്ചു.

റിലയന്‍സ് ഒരു ഡീപ്‌ടെക് കമ്പനിയായി മാറണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മാഷേല്‍കര്‍ നിര്‍ദ്ദേശിച്ചിരുന്നതായും അംബാനി ചൂണ്ടിക്കാട്ടി. അത് വികസിത രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  അദ്ദേഹം നിര്‍ദ്ദേശിച്ച ഫോര്‍മുല 'എക്‌സ്ട്രീം അഫോര്‍ഡബിലിറ്റി' ആയിരുന്നുവെന്നും അംബാനി വ്യക്തമാക്കി. കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ കുറഞ്ഞ ചെലവിലുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ഉത്പാദിപ്പിക്കുകയെന്ന തന്ത്രമാണ് കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം പിന്തുടരുന്നതെന്നും അംബാനി വ്യക്തമാക്കി.

"ഇന്ത്യ ബഹിരാകാശ ദൗത്യം നടത്തിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. നോക്കൂ, ഇന്ത്യ ചൊവ്വയിലേക്ക് ഒരു റോക്കറ്റ് അയച്ചിരിക്കുന്നു, ഒരു ബോളിവുഡ് സിനിമയുടെ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക്. സാധാരണ ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള സ്വാശ്രയ ശ്രമങ്ങളിലൂടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ചെയ്യേണ്ടത് ഇതാണ്", അംബാനി കൂട്ടിച്ചേര്‍ത്തു. റിലയന്‍സില്‍ മാഷേല്‍കറുടെ ഈ ദര്‍ശനം തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി.

അറിവിനോടുള്ള അഭിനിവേശവും അന്വേഷണവും

"ഡോക്ടറില്‍ നിന്ന് ഞാന്‍ പഠിച്ച മറ്റൊരു കാര്യം കൂടി ഈ അവസരത്തില്‍ പറയേണ്ടിയിരിക്കുന്നു. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു, മുകേഷ് അനുകമ്പയില്ലാത്ത സാങ്കേതികവിദ്യ വെറും യന്ത്രം മാത്രമാണ്. അനുകമ്പ കൂടി ഉള്‍പ്പെടുത്തിയ സാങ്കേതികവിദ്യ ഒരു സാമൂഹിക പ്രസ്ഥാനമായി മാറുന്നു. അദ്ദേഹം പറഞ്ഞ കാര്യത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചു. ലോകം ബുദ്ധിമാന്മാരായ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ലോകം ഇപ്പോള്‍ കൃത്രിമബുദ്ധിയുടെ പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉറപ്പായും നമുക്ക് എഐ ആവശ്യമുണ്ട്. എഐയില്‍ നമ്മള്‍ ലോക നേതാക്കളാണ്. എന്നാല്‍ ഇതിനൊടൊപ്പം നമുക്ക് സഹാനുഭൂതിയും അനുകമ്പയും കൂടുതല്‍ ആവശ്യമാണ്. ബുദ്ധിശക്തിയോടൊപ്പം അനുകമ്പയും സമൃദ്ധിയോടൊപ്പം ലക്ഷ്യവും സംയോജിപ്പിച്ചുകൊണ്ട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വികസനത്തിന്റെ ഒരു പുതിയ മാതൃക ഇന്ത്യയ്ക്ക് അവതരിപ്പിക്കാന്‍ കഴിയും," മുകേഷ് അംബാനി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"ഇന്ത്യയ്ക്ക് അദ്ദേഹത്തെപ്പോലെയുള്ള ആളുകളെ കൂടുതലായി ആവശ്യമുണ്ട്. ഇന്ത്യയിലെ ബിസിനസുകളെ ഇന്ത്യന്‍ സര്‍വകലാശാലകളുമായും ഗവേഷണസ്ഥാപനങ്ങളുമായും കൂടുതല്‍ ശക്തമായി സംയോജിപ്പിക്കേണ്ടതുണ്ട്. ഇതുവഴി ഇന്ത്യയ്ക്ക് ഒരു ഡീപ്-ടെക് സൂപ്പര്‍ പവറായി മാറാന്‍ കഴിയും. പ്രിയപ്പെട്ട ഡോക്ടര്‍, ഇത് നിങ്ങളുടെ ആജീവനാന്ത സ്വപ്‌നമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും നിങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ മനസ്സുകളെ ജ്വലിപ്പിച്ചു. നിങ്ങള്‍ എവിടെ നിന്ന് തുടങ്ങുന്നുവെന്നത് പ്രശ്‌നമല്ല, മറിച്ച് നിങ്ങള്‍ എത്ര വലിയ സ്വപ്‌നങ്ങള്‍ കാണുന്നുവെന്നതാണ് പ്രധാനമെന്നും നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും താങ്കളുടെ ജീവിതം ഇന്ത്യയിലെ ഓരോ കുട്ടിയോടും പറയുന്നു. റിലയന്‍സിന് വേണ്ടി, ഈ പ്രേക്ഷകര്‍ക്ക് വേണ്ടി, ഇന്ത്യയെ പ്രചോദിപ്പിച്ചതിന് നന്ദി. ഞങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി", അദ്ദേഹം പറഞ്ഞു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മാഷേല്‍കര്‍ റിലയന്‍സിന് പ്രചോദനമായതെങ്ങനെയെന്ന് മുകേഷ് അംബാനി
Open in App
Home
Video
Impact Shorts
Web Stories