ചെമ്പൂർ-വാഷി നാക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രീകോവിലിൽ സ്ഥിതി ചെയ്യുന്ന കാളീ പ്രതിമ എങ്ങനെയാണ് ഇത്തരത്തിൽ അലങ്കരിച്ചതെന്ന് ഓർത്ത് ഇവിടെ എത്തിയ ഭക്തർ അമ്പരപ്പ് പ്രകടിപ്പിച്ചു. വൈകാതെ ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
കന്യാമറിയത്തിന്റേതിനോട് സാമ്യമുള്ള വസ്ത്രത്തിൽ കാളീ പ്രതിമ
ദർശനത്തിനായി എത്തിയ പ്രദേശവാസികളാണ് പ്രതിമയുടെ രൂപമാറ്റം ശ്രദ്ധിച്ചതെന്ന് പൂനെ മിറർ റിപ്പോർട്ടു ചെയ്തു. തലയിൽ വലിയ കിരീടവും കൈയ്യിൽ കുഞ്ഞിന്റെ രൂപവും പിടിച്ചു നിൽക്കുന്ന വിധത്തിലായിരുന്നു കാളീ ദേവിയുടെ പ്രതിമ. കന്യാമറിയത്തോട് സാമ്യമുള്ള രൂപമാണ് പ്രതിമയ്ക്കുണ്ടായിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകാർ ക്ഷേത്ര പൂജാരിയെ സമീപിച്ചു.
advertisement
കൂടുതൽ ചോദ്യം ചെയ്തപ്പോൾ കാളീ ദേവി തന്റെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട് കന്യാമറിയത്തിന്റെ രൂപം തനിക്ക് നൽകാൻ നിർദേശിച്ചുവെന്ന് പൂജാരി അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പൂജാരി നൽകിയ വിശദീകരണം കേട്ട് ചിലർ അത്ഭുതപ്പെട്ടുവെങ്കിലും ഇതിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് മറ്റുള്ളവർ കരുതി. ഇത് ചെയ്യാൻ പൂജാരിക്ക് ആരോ പണം നൽകിയതായി ചില നാട്ടുകാർ ആരോപിച്ചു.
ക്ഷേത്രത്തിനുള്ളിൽ നിന്ന് ഒരു ഭക്തൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ''ഇത് കാളീ ദേവിയുടെ ക്ഷേത്രമാണ്. ക്രിസ്ത്യൻ മിഷണറികളായ ആളുകൾ എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കൂ. ദേവിയെ കുരിശു ധരിപ്പിച്ചിരിക്കുകയാണ്,'' വീഡിയോ പകർത്തിയ ആൾ പറയുന്നത് കേൾക്കാം. കാളീ ദേവിയുടെ യഥാർത്ഥ പ്രതിമയുടെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഞെട്ടലും രോഷവും പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവും കടുത്തു. വളരെയധികം ആരാധിക്കപ്പെടുന്ന ഹിന്ദു ദൈവത്തെ ഇത്തരത്തിൽ അവതരിപ്പിച്ചത് കണ്ട് ഞെട്ടിപ്പോയതും ഈ പ്രവർത്തി പരിധി ലംഘിച്ചതായി തോന്നിയതായും നിരവധി പേർ പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
ആളുകൾക്ക് എങ്ങനെയാണ് ഇത്തരം ആശയങ്ങൾ ലഭിക്കുന്നതെന്ന് ഒരു ഉപയോക്താവ് ചോദിച്ചു. ''മറ്റ് മതങ്ങളിൽ പെട്ടവർ ഇത്തരം പ്രവൃത്തികളിലൂടെ മനഃപൂർവം ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് സംഘർഷത്തിലേക്ക് നയിച്ചേക്കും,'' മറ്റൊരാൾ പറഞ്ഞു. സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് മറ്റൊരാൾ ആവശ്യപ്പെട്ടു. ഇത് മനഃപൂർവം ചെയ്തതാണെന്ന് മറ്റൊരാൾ പറഞ്ഞു.
പോലീസ് നടപടി
എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരും ക്ഷേത്രത്തിലെത്തി. അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ആർസിഎഫ് പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പൂജാരി രമേശിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കുറ്റം ചെയ്യാനും ആസൂത്രണത്തിലും മറ്റുള്ള ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
