തബ്ലീഗി ജമാഅത്തിന്‍റെ ആശയവും പ്രവർത്തനരീതികളും സലഫി ചിന്താഗതിയിൽനിന്ന് വ്യത്യസ്തമായതിനാലാണ് നിരോധനമെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷൻ സഫറുൽ ഇസ്ലാം ഖാൻ പറയുന്നു. കൂടാതെ സൌദിയിൽ രൂപീകരിക്കപ്പെടാത്ത ഏത് സംഘടനയെയും അവർ സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുന്നി മുസ്ലീം സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച കാര്യം കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ അറിയിച്ചത്. തീവ്രവാദത്തിന്‍റെ കവാടങ്ങളിലൊന്നാണ് തബ്‌ലീഗ് ജമാഅത്ത് എന്ന് സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ചയിലെ പ്രാർഥനയിൽ തബ്‌ലീഗ് ജമാഅത്തിനെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന നിർദ്ദേശം സർക്കാർ പള്ളികളിലെ പുരോഹിതർക്ക് നൽകിയിട്ടുണ്ട്.
advertisement
തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിൽ സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രാലയം ഇങ്ങനെ പറയുന്നു, (തബ്ലീഗി, ദഅ്‌വ ഗ്രൂപ്പുകൾ)ക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിന്, അടുത്ത വെള്ളിയാഴ്ച പ്രഭാഷണത്തിൽ പ്രത്യേക സമയം കണ്ടെത്തണമെന്ന്, ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. # അബ്ദുല്ലത്തീഫ് അൽ-അൽശൈഖ് പള്ളികളിലെ പ്രസംഗകരോടും വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്ന പള്ളികളോടും നിർദ്ദേശിച്ചു.
തബ്ലീഗി, ദഅ്‌വ ഗ്രൂപ്പുകളുടെ അപകടകരവും, തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമായ ആശയങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്ന് സൗദി സർക്കാർ വ്യക്തമാക്കുന്നു. ഇത്തരം സംഘടനകൾ തീവ്രവാദത്തിന്‍റെ കവാടങ്ങളിലൊന്നാണെന്നും സർക്കാർ വ്യക്തമാക്കുന്നു. തീവ്രവാദവുമായി ഒരു ബന്ധവുമില്ലെന്ന ഇത്തരം സംഘടനകളുടെ വാദം തെറ്റാണ്. ഇത്തരക്കാരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ പള്ളികളിലെ പ്രഭാഷണത്തിലൂടെ ശ്രദ്ധിക്കണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തബ്ലീഗി, ദഅ്‌വ പോലെയുള്ള സംഘടനകളെ സൌദി അറേബ്യയിൽ നിരോധിച്ച കാര്യവും പള്ളികളിലെ പ്രഭാഷണങ്ങളിൽ ഊന്നിപ്പറയണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സംഘങ്ങൾ സമൂഹത്തിന് എത്രത്തോളം അപകടകാരികളാണെന്ന കാര്യവും വിശ്വാസികളോട് ഊന്നിപ്പറയണം. ഈ സംഘടകളിൽ പ്രവർത്തിക്കുന്നതും ഇവരുമായി ബന്ധം സ്ഥാപിക്കുന്നതും സൌദി അറേബ്യയിൽ നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
1926ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ് ലീഗ് ജമാഅത്ത് ഇസ്ലാമിക മതപ്രചരണത്തിനായുള്ള സംഘടനയായാണ് അറിയപ്പെട്ടിരുന്നത്. ലോകമെങ്ങും 350 മുതൽ 400 ദശലക്ഷം അംഗങ്ങൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. 2020ൽ ഡൽഹിയിൽ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ഉൾപ്പടെ ആദ്യ കോവിഡ് കേസുകളിൽ ചിലത് ഡൽഹിയിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരിലാണ് റിപ്പോർട്ട് ചെയ്തത്.
