ഇസ്ലാമിക നിയമം പ്രകാരം മുസ്ലീമായ ഭാര്യ മുന്‍കൈയെടുത്ത് നടത്തുന്ന ഒരു വിവാഹമോചന രീതിയാണ് ഖുല. സാധാരണയായി വിവാഹസമയത്ത് വരന്‍ നല്‍കുന്ന മെഹര്‍ ഉപേക്ഷിച്ചാണ് ഇത് നടത്തുക. ഇത് കുറ്റമറ്റതും സംഘര്‍ഷരഹിതവുമായ വിവാഹമോചന രീതിയാണ്.
ജസ്റ്റിസുമാരായ മൗഷ്മി, ഭട്ടാചാര്യ, ബിആര്‍ മധുസൂധന്‍ എന്നിവടരങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഖുല എന്നത് വിവാഹമോചനത്തിനുള്ള കുറ്റമറ്റതായ രീതിയാണെന്നും അത് ഭാര്യയുടെ താത്പര്യപ്രകാരം മാത്രം ആരംഭിക്കുന്നതാണെന്നും ഖുല ആവശ്യപ്പെട്ട് കഴിഞ്ഞാല്‍ സ്വകാര്യമായ ഇടങ്ങളില്‍ കൂടി അത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
advertisement
ഖുല ആവശ്യപ്പെടാനുള്ള ഭാര്യയുടെ അവകാശം അവരില്‍ നിക്ഷിപ്തമാമെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടുന്ന കാരണത്തെ അംഗീകരിക്കേണ്ടതില്ലെന്നും വിവാഹബന്ധം അവസാനിപ്പിക്കുന്നതില്‍ കോടതിയുടെ ഒരേയൊരു പങ്ക് ജുഡീഷ്യല്‍ മുദ്ര പതിപ്പിക്കുക എന്നത് മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവാഹ തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സന്നദ്ധ സംഘടനയായ സദാ-ഇ-ഹഖ് ഷരായ് കൗണ്‍സിലിനെ ഭാര്യ സമീപിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഖുലയെ എതിര്‍ത്ത മുസ്ലീമായ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
''ഖുലാ വിവാഹമോചനം ഔപചാരികമാക്കുന്നതിന് മുഫ്തിയില്‍ നിന്നോ ദാര്‍ ഉല്‍ ഖസയില്‍ നിന്നോ(ഇസ്ലാമിക് ട്രൈബ്യൂണല്‍) വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നേടേണ്ടത് അത്യാവശ്യമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. മുഫ്തി നല്‍കുന്ന ഫത്വ കോടതിയില്‍ നിയമപരമായി നടപ്പിലാക്കാന്‍ കഴിയില്ല,'' കോടതി പറഞ്ഞു.
ഭാര്യ വിവാഹമോചനം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന നിമിഷം മുതല്‍ സ്വകാര്യ ഖുല പ്രാബല്യത്തില്‍ വരുമെന്നും വിധിയില്‍ പറയുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ കുടുംബകോടതിയുടെ പങ്ക് പരിമിതവും നടപടിയെടുക്കാന്‍ ബുദ്ധിമുട്ടേറിയതുമാണ്.
ഖുലയുടെ അപേക്ഷ പരിശോധിക്കുക, അനുരജ്ഞന ശ്രമം ഉറപ്പാക്കുക, ബാധകമെങ്കില്‍ ഭാര്യ മെഹര്‍ തിരികെ നല്‍കാന്‍ തയ്യാറാണോ എന്ന് ഉറപ്പുവരുത്തുക എന്നിവയില്‍ കുടുംബ കോടതിയുടെ പങ്ക് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ക്കണമെന്നും വിചാരണ നീണ്ടുപോകരുതെന്നും കോടതി ഊന്നിപ്പറഞ്ഞു.
വിവാഹമോചനത്തിന് പുരുഷന്മാര്‍ക്ക് ലഭ്യമായ ഏകപക്ഷീയമായ അവകാശമായ തലാഖിന് തുല്യമാണ് ഖുലയെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടും നിരുപാധികമായ വിവാഹമോചന രീതികളാണ് കോടതി പറഞ്ഞു.
പ്രസ്തുത കേസിൽ ഭാര്യ കൗണ്‍സിലിനെ സമീപിക്കുകയും അനുരജ്ഞന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പല തവണ ഖുല ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ കൗണ്‍സില്‍ അവര്‍ക്ക് ഖുലനാമ നല്‍കി. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബകോടതിയില്‍ ഒരു ഹര്‍ജി നല്‍കി. എന്നാല്‍ കുടുംബകോടതി ഇത് തള്ളി. തുടര്‍ന്നാണ് ഹൈക്കോടതി സമീപിച്ചത്. കുടുംബകോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.