വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും ആഗോളതലത്തിലെ വിശിഷ്ട നേതാക്കള്‍ക്കും ഒമാന്‍ സുല്‍ത്താനേറ്റ് നല്‍കുന്ന ഉയര്‍ന്ന ദേശീയ ബഹുമതിയാണ് 'ഓര്‍ഡര്‍ ഓഫ് ഒമാന്‍'. സമീപകാലങ്ങളില്‍ എത്യോപ്യയുടെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ', കുവൈത്തിന്റെ 'ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍-കബീര്‍' തുടങ്ങിയ ബഹുമതികളും നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു.
ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ പുരസ്‌കാരം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മാണ്ഡവിയില്‍ നിന്ന് മസ്‌കറ്റിലേക്ക് യാത്ര ചെയ്തുകൊണ്ട് ഈ ബന്ധത്തിന് അടിത്തറ പാകിയ ഇരു രാജ്യങ്ങളുടെയും പൂര്‍വ്വികര്‍ക്ക് ഈ ബഹുമതി സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
2014 മേയില്‍ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 29-ാമത് അന്താരാഷ്ട്ര അംഗീകാരമാണിത്. ഇന്ത്യയുടെ നേതൃത്വത്തിനും നയതന്ത്ര സാന്നിധ്യത്തിനും ലഭിക്കുന്ന ആഗോള ആദരവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച പുരസ്കാരങ്ങൾ
- 2016 ഏപ്രിലില്‍ സൗദി അറേബ്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് കിംഗ് അബ്ദുല്‍ അസീസ്' നല്‍കി മോദിയെ ആദരിച്ചു. ആധുനിക സൗദി രാഷ്ട്രത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ പേരിലുള്ളതാണ് ഈ ബഹുമതി.
- 2019 ഓഗസ്റ്റില്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സയീദ്' മോദിക്ക് ലഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമാക്കുന്നതില്‍ നരേന്ദ്ര മോദി നല്‍കിയ സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടായിരുന്നു ഇത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാന്‍ ആണ് പുരസ്‌കാരം നല്‍കിയത്.
- 2019-ല്‍ യുഎഇ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ മോദി ബഹ്‌റൈനിലേക്ക് പോയി. ബഹ്‌റൈന്‍ പരമോന്നത ബഹുമതിയായ 'കിംഗ് ഹമദ് ഓര്‍ഡര്‍ ഓഫ് ദി റിനൈസന്‍സ്' നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആ സമയത്ത് ഒരു ഇന്ത്യന്‍ നേതാവ് ബഹ്‌റൈനില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു അത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍-ഖലീഫയുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
- 2024 ഡിസംബറില്‍ കുവൈത്തും നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചു. ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈത്തിന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍-കബീര്‍' ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജബര്‍ അല്‍-സബഹ് മോദിക്ക് സമ്മാനിച്ചു. യുഎസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, യുകെ രാജാവ് ചാള്‍സ് മൂന്നാമന്‍ എന്നിവര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
- വ്യാഴാഴ്ച ഒമാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ക്ക് പ്രധാനമന്ത്രി മോദിക്ക് അഭിമാനകരമായ 'ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഒമാന്‍' നല്‍കി ആദരിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ആണ് പുരസ്‌കാരം നല്‍കിയത്. എലിസബത്ത് രാജ്ഞിയും ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയും മുമ്പ് ഈ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ചില്‍ നിന്നും ഉന്നത സിവിലിയന്‍ ബഹുമതികള്‍ ലഭിച്ച ഏക ആഗോള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇരു രാജ്യങ്ങളും നയതന്ത്ര ഇടപെടലുകള്‍ തുടരുമ്പോഴും പ്രധാനമന്ത്രി മോദിക്ക് ഇതുവരെ ഒരു സിവിലിയന്‍ ബഹുമതിയും നല്‍കാത്ത ഏക രാഷ്ട്രം ഖത്തര്‍ ആണ്.
