കൂടാതെ സർക്കാർ ആശുപത്രികളിൽ പത്ത് വര്‍ഷത്തെ പരിചയമുള്ള നിലവിലുള്ള സ്‌പെഷ്യലിസ്റ്റുകളെ അസോസിയേറ്റ് പ്രൊഫസര്‍മാരായും രണ്ട് വര്‍ഷത്തെ പരിചയമുള്ളവരെ സീനിയര്‍ പ്രൊഫസര്‍മാരായും നിയമിക്കാം. ഇവര്‍ നിയമനത്തിനുശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ബേസിക് കോഴ്‌സ് (ബിസിബിആര്‍) പൂര്‍ത്തിയാക്കിയിരിക്കണമെന്നും എന്‍എംസി പറയുന്നു.
2022-ലെ ചട്ടങ്ങള്‍ പ്രകാരം രണ്ട് വർഷത്തെ പരിചയമുള്ള അനധ്യാപകരായിട്ടുള്ള ഡോക്ടര്‍മാരെ 330 കിടക്കകളുള്ള മെഡിക്കല്‍ കോളെജുകളാക്കി മാറ്റുന്ന ആശുപത്രികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാകാന്‍ അനുവദിച്ചിരുന്നു. 2025-ല്‍ പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ പ്രകാരം 220 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും പിജി മെഡിക്കല്‍ ബിരുദവുമുള്ള അനധ്യാപക കണ്‍സള്‍ട്ടന്റ് അല്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ്, അതുമല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാകാം. ഇവര്‍ക്ക് സീനിയര്‍ റെസിഡന്റ് എന്ന നിലയില്‍ പരിചയം ആവശ്യമില്ലെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം നിയമനത്തിനുശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ബേസിക് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നുമാത്രം.
advertisement
സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് അല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ആറ് വര്‍ഷത്തെ പരിചയമുള്ള ഡിപ്ലോമക്കാര്‍ക്കും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ കോളേജുകളില്‍ യോഗ്യരായ അധ്യാപകരുടെ എണ്ണം കൂട്ടാനും ബിരുദ-ബിരുദാനന്തര സീറ്റുകള്‍ വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ചട്ടങ്ങള്‍.
ഈ ചട്ടങ്ങള്‍ പ്രകാരം രണ്ട് ഫാക്കല്‍റ്റി അംഗങ്ങളെയും രണ്ട് സീറ്റുകളും ഉപയോഗിച്ച് പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ കഴിയും. നേരത്തെ കോഴ്‌സ് ആരംഭിക്കുന്നതിന് മൂന്ന് ഫാക്കല്‍റ്റിയും ഒരു സീനിയര്‍ റസിഡന്റും എന്ന നിബന്ധനയുണ്ടായിരുന്നു. നിരവധി സ്‌പെഷ്യാലിറ്റികള്‍ക്കായി ഓരോ യൂണിറ്റിനും ആവശ്യമുള്ള കിടക്കകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഇളവ് നല്‍കിയിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇപ്പോള്‍ യുജി, പിജി കോഴ്‌സുകള്‍ ഒരേസമയം ആരംഭിക്കാനും അനുമതിയുണ്ട്. കൂടാതെ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, പാത്തോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്‍ തുടങ്ങിയ പ്രീക്ലിനിക്കല്‍, പാരാക്ലിനിക്കല്‍ വിഷയങ്ങളില്‍ സീനിയര്‍ റസിഡന്റായി നിയമിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. ബിരുദാനന്തര യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ട്യൂട്ടര്‍മാരായോ ഡെമോണ്‍സ്‌ട്രേറ്റര്‍മാരായോ നേടിയ പരിചയം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയ്ക്കായി സാധുതയുള്ളതായി കണക്കാക്കുമെന്നും പുതിയ ചട്ടങ്ങളില്‍ പറയുന്നു.