പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരെ കണ്ട സിദ്ദു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. രാജ്യത്ത് ജനാധിപത്യം എന്നൊന്ന് ഇല്ലെന്ന് സിദ്ദു പറഞ്ഞു. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണെന്നും പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും ആരോപിച്ച സിദ്ദു പഞ്ചാബിനെ ദുർബലാമാക്കാൻ ശ്രമിച്ചാൽ കേന്ദ്രം ദുർബലമാകുമെന്നും മുന്നറിയിപ്പ് നൽകി.
രാഹുൽ ഗാന്ധിയേയും സിദ്ദു പ്രശംസിച്ചു. ഇന്ത്യയുടെ പുതിയ വിപ്ലവമാണ് രാഹുൽ ഗാന്ധിയെന്നാണ് സിദ്ദു പറഞ്ഞത്.
ഇന്ന് ഉച്ചയോടെ താൻ ജയിൽ മോചിതനാകേണ്ടതായിരുന്നു. എന്നാൽ അത് വൈകിപ്പിച്ചു. അവർക്ക് മാധ്യമപ്രവർത്തകരെ ഒഴിവാക്കണമായിരുന്നു. ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും വന്നിട്ടുണ്ട്. ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധിയെന്നാണ്. കേന്ദ്ര സർക്കാരിനെ അദ്ദേഹം തകർക്കും-ജയിൽ മോചിതനായ ശേഷം സിദ്ദുവിന്റെ വാക്കുകൾ.
34 വർഷം മുന്‍പുണ്ടായ കേസിലാണ് സിദ്ദുവിന് സുപ്രീംകോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഈ കേസിലാണ് സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്.
മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. എന്നാൽ, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു.