മഹാരാഷ്ട്രയിൽ നക്സൽ കമാൻഡറും 60 കൂട്ടാളികളും ആയുധം വച്ചു കീഴടങ്ങി. ഭൂപതി എന്നറിയപ്പെടുന്ന നക്സൽ കമാൻഡർ മല്ലോജുല വേണുഗോപാൽ റാവുവും അദ്ദേഹത്തിന്റെ 60 കൂട്ടാളികളുമാണ് ചൊവ്വാഴ്ച ഗഡ്ചിരോളി പോലീസിന് മുന്നിൽ കീഴടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഔപചാരിക ചടങ്ങ് ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി. പോലീസിന്റെ നേട്ടത്തിന് അംഗീകാരമായി, ഗഡ്ചിരോളി പോലീസിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
advertisement
മഹാരാഷ്ട്രയുടെ ചരിത്രപരമായ ദിനം എന്നാണ് മുഖ്യമന്ത്രി കീഴടങ്ങലിനെ വിശേഷിപ്പിച്ചത്. "ഇന്ന്, നക്സൽ കമാൻഡർ ഭൂപതി എന്ന മല്ലോജുല വേണുഗോപാൽ റാവുവും 60 നക്‌സലുകളും കീഴടങ്ങി. റിക്രൂട്ട്‌മെന്റ്, ആസൂത്രണം, ആക്രമണങ്ങൾ എന്നിവയ്ക്ക് ഭൂപതി ഉത്തരവാദിയായിരുന്നു. കഴിഞ്ഞ ഒരു മാസമായി, മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചുകൊണ്ട് നമ്മുടെ പോലീസ് അദ്ദേഹവുമായി ചർച്ച നടത്തിവരികയായിരുന്നു." അദ്ദേഹം പറഞ്ഞു.
നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ലെന്ന് സർക്കാർ ഭൂപതിയോട് വ്യക്തമാക്കിരുന്നു. എങ്കിലും കീഴടങ്ങാൻ അദ്ദേഹത്തിന് അവസരം നൽകുകയായിരുന്നു. കീഴടങ്ങലോടെ മഹാരാഷ്ട്രയിലെ നക്സലിസത്തിന്റെ നട്ടെല്ല് തകർന്നു. അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലെ നിരവധി നക്സലുകൾ ഈ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫഡ്നാവിസ് പ്രത്യാശ പ്രകടിപ്പിച്ചു.
നക്സലിസത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദേശീയ നീക്കത്തിന്റെ ഭാഗമായാണ് കീഴടങ്ങൽ. 2026 മാർച്ച് 31-നകം നക്സലിസത്തെ ഇല്ലാതാക്കാനുള്ള പാതയിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു.2014 നും 2025 നും ഇടയിൽ, നക്സൽ ബാധിത ജില്ലകളുടെ എണ്ണം 126 ൽ നിന്ന് 18 ആയി കുറഞ്ഞു. അക്രമ സംഭവങ്ങളും ഗണ്യമായി കുറഞ്ഞു. 2024–25 ൽ മാത്രം, 300-ലധികം നക്സലൈറ്റുകളെ നിർവീര്യമാക്കി. തുടർച്ചയായി നടക്കുന്ന കലാപ വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി നൂറുകണക്കിന് നക്സലൈററ്റുകാളാണ് കീഴടങ്ങിയത്.