മികച്ച ഭരണത്തിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മോദി യോഗത്തില്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ഇന്ത്യന്‍ ഭരണഘടനപ്രകാരം ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭരണഘടനയുടെ ശക്തിയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
"എന്‍ഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിന് അധ്യക്ഷത വഹിച്ചു. സദ്ഭരണത്തെപ്പറ്റിയും അതിലൂടെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ദേശീയ പുരോഗതി കൈവരിക്കുന്നതിലും ദരിദ്രരേയും അധ:സ്ഥിതരേയും ശാക്തീകരിക്കുന്നതിലും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്," എന്ന് മോദി യോഗത്തിന് ശേഷം എക്‌സില്‍ കുറിച്ചു. ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സമ്മേളനം ആരംഭിച്ചത്.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദി സദ്ഭരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായ ജെപി നഡ്ഡ പറഞ്ഞു. ''ജനസൗഹാര്‍ദ്ദമായ നടപടികള്‍ക്കും സദ്ഭരണത്തിനും പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു,'' ജെപി നഡ്ഡ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ആറ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് പാസാക്കിയെന്നും അദ്ദേഹം പറഞ്ഞു.
"ആദ്യത്തെ പ്രമേയത്തില്‍ ഹരിയാനയിലെ ബിജെപിയുടെ വിജയത്തിന് പിന്തുണച്ച എല്ലാവരോടും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ നയങ്ങളും കര്‍ഷകരുടെയും യുവാക്കളുടെയും കായികതാരങ്ങളുടെയും പിന്തുണയാണ് ബിജെപിയെ വിജയത്തിലേക്ക് നയിച്ചത്,'' നഡ്ഡ പറഞ്ഞു.
കൂടാതെ 2025ല്‍ 'സംവിധാന്‍ കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാംവാര്‍ഷികം ആഘോഷിക്കാനുള്ള നിര്‍ദേശവും യോഗം പാസാക്കി. കൂടാതെ അടിയന്തിരാവസ്ഥയുടെ 50-ാം വാര്‍ഷികമാണ് 2025ല്‍ വരുന്നതെന്നും അതുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയേയും ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാവരെയും തുറന്നുകാട്ടുന്നതിനായുള്ള പരിപാടികളും ഈ വേളയില്‍ സംഘടിപ്പിക്കുമെന്നും നഡ്ഡ വ്യക്തമാക്കി.
കൂടാതെ ആത്മനിര്‍ഭര്‍ ഭാരത്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തുവെന്ന് നഡ്ഡ പറഞ്ഞു. ഒപ്പം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പുകളെക്കുറിച്ചും യോഗത്തില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'' ഇന്ത്യയെ സ്വയംപര്യാപ്തയിലേക്ക് നയിക്കുന്ന പുരോഗതികളെപ്പറ്റി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു സംസാരിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടങ്ങളെപ്പറ്റി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി സംസാരിച്ചു. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പ്രധാന ചുവടുവെപ്പുകളെപ്പറ്റിയുള്ള തന്റെ നിലപാടുകള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പങ്കുവെച്ചു,'' നഡ്ഡ പറഞ്ഞു.
അതേസമയം ഇത് രണ്ടാം തവണയാണ് നയാബ് സിങ് സൈനി ഹരിയാനയുടെ മുഖ്യമന്ത്രിയാവുന്നത്. 2014 മുതല്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടറിന്റെ പിന്‍ഗാമിയായ സൈനി ഈ വര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. പാഞ്ച്കുളയിലെ വാല്മീകി ക്ഷേത്രത്തില്‍ പൂജ നടത്തിയതിനുശേഷമാണ് നയാബ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. ചടങ്ങ് പൊതുജനങ്ങള്‍ക്ക് കാണുവാനായി 14 വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച്, അമ്പതിനായിരത്തിലധികം ആളുകളുകളുടെ സാന്നിധ്യത്തിലാണ് നയാബ് മുഖ്യമന്ത്രിയായത്. പ്രതിപക്ഷനേതാക്കളും കര്‍ഷകരും വിവിധ സാമൂഹികസംഘടനകളുടെ പ്രതിനിധികളും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
55കാരനായ നയാബ് സിങ് സൈനി ഹരിയാനയിലെ പിന്നോക്ക സമുദായത്തിലാണ് ജനിച്ചുവളര്‍ന്നത്. വളരെ സാധാരണ കുടുംബത്തിലെ അംഗമായ സൈനി നിയമബിരുദധാരിയാണ്. ബിജെപി അംബാല പാര്‍ട്ടി ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപറേറ്ററായി ജോലി ചെയ്യാന്‍ വന്ന നയാബിന് ഹരിയാന ബിജെപി കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിസ്ഥാനമാണ് പാര്‍ട്ടി ആദ്യം നല്‍കിയ ചുമതല. ബിജെപിയുടെ അംബാല യൂത്ത് വിങ്ങിന്റെ നേതാവായിരിക്കെയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് 37 സീറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) രണ്ട് സീറ്റുകളും സ്വതന്ത്രര്‍ 3 സീറ്റുകളും നേടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച സൈനി കോണ്‍ഗ്രസിന്റെ നിര്‍മല്‍ സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഇത്തവണ ലാഡ്വ അസംബ്ലി മണ്ഡലത്തില്‍ 16,054 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൈനി വിജയിച്ചത്.