ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിൽ വരുത്തിയിട്ടുള്ള നിർണായകമായ പരിഷ്കരണങ്ങളിലൊന്നാണിത്. ശമ്പള ഘടനയിലും ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളിലും സാമൂഹിക, സ്ത്രീ സുരക്ഷയിലും വലിയ മാറ്റങ്ങൾ ഇത് കൊണ്ടുവരുന്നു. ഏകീകൃത മിനിമം വേതനം എല്ലാ മേഖലയിലും ഉറപ്പാക്കുന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. സംഘടിത, അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്ക് ഒരുപോലെ മിനിമം വേതനം ഉറപ്പാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കൂടാതെ താല്‍ക്കാലികമോ ഫ്രീലാന്‍സായോ ജോലി ചെയ്യുന്നവര്‍ക്കും ഗിഗ് തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഈ വിഭാഗത്തിന് കൂടി പരിഗണന നൽകികൊണ്ട് നിയമം നടപ്പാക്കുന്നത് ഇതാദ്യമായാണ്. ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി യോഗ്യത കാലയളവ് ഒരു വര്‍ഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ വീട്ടിലിരുന്നുള്ള ജോലികള്‍ക്കും നിയമത്തില്‍ മതിയായ പരിഗണന നല്‍കിയിട്ടുണ്ട്.
advertisement
2025-ലെ പുതിയ തൊഴില്‍ നിയമങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം.
സംഘടിത മേഖലയിലായാലും അസംഘടിത മേഖലയിലായാലും ഓരോ ജീവനക്കാരനും മിനിമം വേതനം ഉറപ്പുനല്‍കുന്നു എന്നതാണ് പുതിയ തൊഴില്‍ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നേരത്തെ മിനിമം വേതനങ്ങള്‍ സംസ്ഥാനവും മേഖലയും അനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. അസംഘടിത മേഖലയിൽ പല ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. പുതിയ ചട്ടക്കൂടിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ അടിസ്ഥാന വേതനം (ഫ്‌ളോര്‍ വേജ്) നിശ്ചയിക്കും. ഒരു സംസ്ഥാനത്തിനും ആ നിലവാരത്തിന് താഴെ വേതനം നിശ്ചയിക്കാന്‍ സാധിക്കില്ല. രാജ്യത്തുടനീളം വേതന വ്യവസ്ഥ ഏകീകൃതമാക്കാനും ശമ്പള വിതരണത്തിൽ നീതി നടപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ തൊഴില്‍ നിയമവും വേതനത്തിന്റെ നിര്‍വചനവും
പുതിയ നിയമങ്ങളുടെ പ്രധാന കാതല്‍ വേതനം എന്നതിന്റെ നിര്‍വചനത്തില്‍ വരുത്തിയ മാറ്റമാണ്. ഓരോ കമ്പനിയും ജീവനക്കാർക്ക് നൽകുന്ന അടിസ്ഥാന ശമ്പളം എന്നത് ഇപ്പോള്‍ നല്‍കുന്ന മൊത്തം ശമ്പളത്തിന്റെ പകുതിയെങ്കിലും ആയിരിക്കണം. നേരത്തെ മിക്ക കമ്പനികളും പിഎഫ്, ഗ്രാറ്റുവിറ്റി ബാധ്യതകള്‍ കുറയ്ക്കുന്നതിനായി അടിസ്ഥാന ശമ്പളം മനപൂര്‍വം കുറച്ച് അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു പതിവ്. ഇത് തടയുന്നതാണ് പുതിയ പരിഷ്‌കരണം. ഇത് കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ ഹ്രസ്വകാലത്തേക്ക് നേരിയ കുറവുണ്ടാക്കും. കാരണം ശമ്പളത്തിന്റെ വലിയൊരു പിഎഫിലേക്കും ഗ്രാറ്റുവിറ്റിയിലേക്കും പോകും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇത് ജീവനക്കാരുടെ വിരമിക്കല്‍ ആസൂത്രണം ശക്തിപ്പെടുത്തുകയും കൂടുതല്‍ സ്ഥിരതയുള്ള സാമ്പത്തിക പരിരക്ഷ സൃഷ്ടിക്കുകയും ചെയ്യും.
ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ
രാജ്യത്ത് ആദ്യമായി ഡെലിവറി പാര്‍ട്ണര്‍മാരും റൈഡ് ഹെയ്‌ലിംഗ് ഡ്രൈവര്‍മാരും ഫ്രീലാന്‍സ് സേവനദാതാക്കളും അടക്കമുള്ള ഗിഗ്, പ്ലാറ്റ്‌ഫോം ജീവനക്കാര്‍ സാമൂഹിക സുരക്ഷാ വ്യവസ്ഥകള്‍ക്ക് കീഴില്‍ വരും. അഗ്രഗേറ്റര്‍ കമ്പനികള്‍ അവരുടെ വിറ്റുവരവിന്റെ ഒരു വിഹിതം ഇന്‍ഷുറന്‍സ്, വൈകല്യ പരിരക്ഷ, ആരോഗ്യ സുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ടി വരും. ഇത് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും മുമ്പ് സംരക്ഷണം ലഭിച്ചിട്ടില്ലാത്തതുമായ ഇന്ത്യയുടെ തൊഴില്‍ ശക്തിക്ക് സംരക്ഷണം നല്‍കും.
ഗ്രാറ്റുവിറ്റി യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചു
സ്ഥിരകാല കരാറുകളിലുള്ള തൊഴിലാളികള്‍ക്ക് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ അഞ്ച് വര്‍ഷത്തെ സേവനമുള്ളവര്‍ക്കാണ് ഗ്രാറ്റുവിറ്റി അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. ഗ്രാറ്റുവിറ്റി ദീര്‍ഘകാല സേവനത്തിനുള്ള ലംപ്-സം ആനുകൂല്യമായതിനാല്‍ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഇത് ഉറപ്പാക്കും.
നിയമന കത്തുകള്‍ നിര്‍ബന്ധം
നിയമനങ്ങളില്‍ സുതാര്യത കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളും നിയമങ്ങളിലുണ്ട്. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ എല്ലാ തൊഴിലുടമകളും ഇപ്പോള്‍ പുതുതായി നിയമിക്കുന്നവര്‍ക്ക് ഔദ്യോഗികമായി നിയമന കത്തുകള്‍ നല്‍കിയിരിക്കണം. ഇത് വേതനവും ജോലിയും സ്ഥിരീകരിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നു. നിരവധിയാളുകള്‍ നിയമന കത്തുകള്‍ ഇല്ലാതെ അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് ജോലി സ്ഥിരതയിലേക്കുള്ള വലിയ ചുവടുവെയ്പ്പാണിത്.
ഓവര്‍ടൈമില്‍ ഇരട്ടി വേതനം നല്‍കണം
ജോലി സമയത്തിന്റെ കാര്യത്തിലും നിയമങ്ങള്‍ ജീവനക്കാര്‍ക്ക് ശക്തമായ സംരക്ഷണം നല്‍കുന്നുണ്ട്. ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് സാധാരണ അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയെങ്കിലും നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. വാര്‍ഷിക ശമ്പളത്തോടുകൂടിയ അവധിക്കുള്ള യോഗ്യതയും ലഘൂകരിച്ചിട്ടുണ്ട്. നേരത്തെ വര്‍ഷം 240 ദിവസം ജോലി ചെയ്യുന്നവര്‍ക്കാണ് ശമ്പളത്തോടു കൂടി അവധി നല്‍കിയിരുന്നത്. ഇതിപ്പോള്‍ 180 ദിവസമായി കുറച്ചു. പുതിയ ജീവനക്കാര്‍ അവധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരില്ല.
ലിംഗസമത്വം ഉറപ്പാക്കാന്‍ സ്ത്രീകള്‍ക്കും രാത്രി ഷിഫ്റ്റുകള്‍
ലിംഗ സമത്വം ഉറപ്പാക്കുന്നതിനുള്ള പുരോഗമനപരമായ നീക്കവും പുതിയ തൊഴില്‍ നിയമങ്ങളിലുണ്ട്. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റിലും ജോലി ചെയ്യാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതേസമയം, ചില വ്യവസ്ഥകളോടെയാണിത്. സ്ത്രീകള്‍ അതിന് സമ്മതിക്കുകയും തൊഴിലുടമ മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കിയാല്‍ എല്ലാ മേഖലകലിലും രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് തൊഴിലെടുക്കാമെന്ന് നിയമം പറയുന്നു. ലിംഗപരമായി വേതനത്തിലുള്ള വിവേചനവും നിരോധിച്ചിട്ടുണ്ട്.
വര്‍ക്ക് ഫ്രം ഹോം
മാറികൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യങ്ങളെയും നിയമങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സേവന മേഖലയില്‍. ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള പരസ്പര സമ്മതത്തോടെ നടപ്പാക്കാനാകും.
ആരോഗ്യ പരിശോധന
പ്രായമായ ജീവനക്കാര്‍ക്ക് ഒരു അധിക ആരോഗ്യ ആനുകൂല്യം കൂടി നിയമം ഉറപ്പാക്കുന്നു. കമ്പനികള്‍ ഇപ്പോള്‍ 40 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വാര്‍ഷിക പരിശോധനകള്‍ നല്‍കണം.
വേതന വ്യവസ്ഥ
സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമാണ് നിയമങ്ങളിലെ മറ്റൊരു പ്രധാന ഭാഗം. തൊഴിലുടമകള്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കണം. പ്രതിമാസ വേതനം ഏഴ് ദിവസത്തിനുള്ളിലോ ജീവനക്കാരന്‍ കമ്പനി വിട്ടുപോയാല്‍ രണ്ട് ദിവസത്തിനുള്ളിലോ ശമ്പളം വിതരണം ചെയ്യണം. സമയത്തിന് ശമ്പളം ലഭിക്കുന്നത് ജീവനക്കാര്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കും.
തൊഴിലാളികളുടെ സുരക്ഷ
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയുള്ള പ്രധാന നിര്‍ദ്ദേശങ്ങളും തൊഴില്‍ നിയമങ്ങളിലുണ്ട്. വീടിനും ജോലി സ്ഥലത്തിനും ഇടയില്‍ യാത്ര ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഇപ്പോള്‍ തൊഴിലുമായി ബന്ധപ്പെട്ടതായി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നഷ്ടപരിഹാരത്തിനുള്ള തൊഴിലാളികളുടെ അവകാശങ്ങളും നിയമം ഉറപ്പാക്കുന്നുണ്ട്.
ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നാണ് പുതിയ തൊഴില്‍ നിയമങ്ങള്‍. ഈ നിയമങ്ങള്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ലളിതമായ ഒരു ചട്ടക്കൂടൊരുക്കുന്നു. നേരത്തെ ഉണ്ടായിരുന്ന 29 നിയമനിര്‍മാണങ്ങളെ ഇത് മാറ്റിസ്ഥാപിക്കുന്നു.
