ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച തീവ്രവാദ വിരുദ്ധ നീക്കങ്ങളെയും അമിത് ഷാ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് രാഷ്ട്രത്തെ സുരക്ഷിതമാക്കുന്നതിനും കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന് ഉറപ്പിക്കുന്നതിനുമുള്ള നിര്‍ണായക നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ നടന്ന ഈ നീക്കം കശ്മീര്‍ ഇന്ത്യയുടേതാണ് ലോകത്തോട് വിളിച്ചുപറഞ്ഞു. ഭീകരത തടയുന്നതിലും രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിലും അതിന്റെ പ്രധാന്യം ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
തീവ്രവാദത്തോടു വിട്ടുവീഴ്ചയില്ലാത്ത ബിജെപി സര്‍ക്കാരിന്റെ അസഹിഷ്ണുതാ നയത്തെ കുറിച്ചും ഷാ അഭിമുഖത്തില്‍ സംസാരിച്ചു. രാജ്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും അടുത്തിടെ പാക്കിസ്ഥാന്റെ തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും അടക്കമുള്ള സൈനിക നടപടികളെ കുറിച്ചും അമിത് ഷാ ഉദ്ധരിച്ചു. തീവ്രവാദ വിരുദ്ധ നയം സര്‍ക്കാരിന്റെ വെറുമൊരു മുദ്രാവാക്യമല്ല മറിച്ച് നിര്‍ണായക നടപടിയാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ തീവ്രവാദത്തോടുള്ള ഇന്ത്യയുടെ പ്രതികരണം പലപ്പോഴും സംയമനം പാലിച്ചുള്ളതായിരുന്നുവെന്നും മുംബൈയിലെ 26/11 പോലുള്ള ഭീകരാക്രമണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അമിത് ഷാ അഭിപ്രായപ്പെട്ടു. ഇതിനു വിപരീതമായി ഇന്ത്യയുടെ അതിര്‍ത്തികളെയും സൈന്യത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിന് ശക്തമായ തിരിച്ചടി നല്‍കാനുള്ള സന്നദ്ധത മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ തെളിവാണ്. ഇന്ത്യയുടെ ഈ നടപടി ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തി. സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ നേട്ടമാണിത്. ഭീകരതയുടെ ഉറവിടത്തില്‍ ആക്രമണം നടത്തുകയും ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്നവരെ പാഠം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷാ നിലപാട് മാറ്റിമറിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു", അമിത് ഷാ പറഞ്ഞു.