എന്‍ഡിഎയ്ക്ക് 50 ശതമാനം വോട്ട് നേടാനാകുമെന്നും ഇന്‍ഡി സഖ്യത്തിന് വെറും 6 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളുവെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 41 ശതമാനം വോട്ട് ലഭിക്കുമെന്നും അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നു.
ഈ വര്‍ഷം ബിജെപി, ടിഡിപി, പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എന്നിവ സഖ്യം ചേര്‍ന്നാണ് മത്സരത്തിനിറങ്ങുന്നത്. 2024ലെ സീറ്റ് വിഭജനം അനുസരിച്ച് ബിജെപിയ്ക്ക് ആറ് ലോക്‌സഭാ മണ്ഡലവും 10 നിയമസഭാ മണ്ഡലവുമാണ് ലഭിക്കുന്നത്. ടിഡിപി 17 പാര്‍ലമെന്റ് മണ്ഡലത്തിലും 144 നിയമസഭാ മണ്ഡലത്തിലും മത്സരം കാഴ്ചവെയ്ക്കും. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയ്ക്ക് രണ്ട് ലോക്‌സഭാ മണ്ഡലവും 21 നിയമസഭാ സീറ്റുമാണ് ലഭിച്ചത്. 25 ലോക്‌സഭാ മണ്ഡലമുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 175 നിയമസഭാ മണ്ഡലമാണ് സംസ്ഥാനത്തിനുള്ളത്.
advertisement
എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി. പാവപ്പെട്ട വീടുകളില്‍ നിന്നുള്ള താര പ്രചാരകരെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രചരണരംഗത്ത് കോണ്‍ഗ്രസും ശക്തമായി ഇടപെടുന്നുണ്ട്. കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പത്ത് വര്‍ഷം നീളുന്ന പ്രത്യേക പദവി ആന്ധ്രാപ്രദേശിന് നല്‍കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 151 സീറ്റ് നേടി വിജയം ഉറപ്പിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. കൂടാതെ 22 ലോക്‌സഭാ സീറ്റിലും പാര്‍ട്ടി വിജയക്കൊടി നാട്ടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ടാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 49.1 ശതമാനം വോട്ട് നേടാനും വൈഎസ്ആര്‍ കോണ്‍ഗ്രസിന് സാധിച്ചു.
39.2 ശതമാനം വോട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് (ടിഡിപി) ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 39.6 ശതമാനം വോട്ട് നേടാനും ടിഡിപിയ്ക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റ് നേടിയ ടിഡിപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലൊതുങ്ങുകയും ചെയ്തു. എന്നാല്‍ വിചാരിച്ച രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിനായില്ല.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 174 മണ്ഡലങ്ങളില്‍ നിന്നായി 2,64,303 വോട്ട് പിടിക്കാന്‍ ബിജെപിയ്ക്ക് ആയി. 2014ല്‍ ടിഡിപിയുമായി സഖ്യം ചേര്‍ന്ന് 6,32,599 വോട്ടാണ് പാര്‍ട്ടി നേടിയത്. അന്ന് നാല് സീറ്റ് നേടാനും ബിജെപിയ്ക്ക് കഴിഞ്ഞു.