എട്ട് സീറ്റുകളിൽ ബിജെഡിയായിരിക്കും വിജയം നേടുക. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡി മുന്നണിക്ക് ഒരൊറ്റ സീറ്റിലും വിജയം നേടാൻ സാധിക്കില്ല. എൻഡിഎ 43 ശതമാനം വോട്ട് സ്വന്തമാക്കുമ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടം നടത്തുന്ന ബിജെഡി 40 ശതമാനം വോട്ട് നേടും. കോൺഗ്രസിന് 15 ശതമാനവും മറ്റുള്ളവർക്ക് 2 ശതമാനവും വോട്ടാണ് ലഭിക്കുകയെന്ന് അഭിപ്രായ സർവേ പറയുന്നു.
സംസ്ഥാനത്തെ ബിജെപിയുടെ പ്രധാന നേതാവും കേന്ദ്ര മന്ത്രിയുമായ ധർമേന്ദ്ര പ്രധാന്റെ വസതിയിൽ ബിജെഡി സഖ്യവുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. സഖ്യം ഉണ്ടാക്കുന്നതിൽ ബിജെപിയിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. 2009 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ബിജെഡി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
advertisement
മാർച്ച് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷ സന്ദർശിച്ചതിന് പിന്നാലെയാണ് ബിജെപി – ബിജെഡി സഖ്യ ചർച്ചകൾ സജീവമായത്. പിറ്റേന്ന് തന്നെ സീനിയർ ബിജെഡി നേതാക്കളും യോഗം ചേർന്നിരുന്നു. സഖ്യ ചർച്ചകൾക്ക് നേതൃത്വം നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുന്നത് ധർമേന്ദ്ര പ്രധാനെയാണ്.
21 ലോക്സഭാ മണ്ഡലങ്ങളും 147 നിയമസഭാ മണ്ഡലങ്ങളുമാണ് ഒഡീഷയിലുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ ബിജു ജനതാദളാണ് വിജയം നേടിയത്. എട്ട് സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ ഒരു സീറ്റിൽ കോൺഗ്രസും വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് നവീൻ പട്നായിക്കിൻെറ നേതൃത്വത്തിൽ ബിജെഡി നേടിയത്. ആകെയുള്ള 147ൽ 112 സീറ്റുകളിലും വിജയിച്ചാണ് ബിജെഡി വീണ്ടും അധികാരത്തിലെത്തിയത്.
1998 മുതൽ 2009 വരെയുള്ള കാലത്ത് ബിജെഡിയും ബിജെപിയും സഖ്യത്തിലായിരുന്നു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നവീൻ പട്നായിക്ക് കേന്ദ്ര മന്ത്രിസഭയിൽ അംഗവുമായിരുന്നു. സഖ്യത്തിൽ അല്ലെങ്കിലും കേന്ദ്ര സർക്കാരിൻെറ പല തീരുമാനങ്ങളോടും ലോക്സഭയിൽ ബിജെഡി യോജിക്കുകയാണ് ചെയ്തിട്ടുള്ളത്. നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിജെഡി എൻഡിഎ സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന എൻഡിഎയുടെ പുതിയ പദ്ധതിയെയും ബിജെഡി അനുകൂലിക്കുന്നുണ്ട്. 2017ലും 2022ലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെഡി എംപിമാർ എൻഡിഎ സ്ഥാനാർഥിക്കാണ് വോട്ട് നൽകിയത്. ഇരുപാർട്ടികളും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ എൻഡിഎ സഖ്യം ഒഡീഷയും തൂത്തുവാരാനുള്ള സാധ്യതയാണുള്ളത്.