ലോക്‌സഭാ സീറ്റ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനം കൂടിയാണ് രാജസ്ഥാന്‍. 25 ലോക്‌സഭാ സീറ്റില്‍ 4 എണ്ണം പട്ടിക ജാതി സംവരണ സീറ്റാണ്. 3 സീറ്റ് പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുമുണ്ട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 24 സീറ്റും നേടി ബിജെപി വിജയക്കൊടി പാറിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിയ്ക്ക് തങ്ങളുടെ വോട്ട് വിഹിതം ഉയര്‍ത്താനും ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചിരുന്നു. 2019ല്‍ 58.4 ശതമാനം വോട്ടാണ് പാര്‍ട്ടി നേടിയത്. 2014ല്‍ ഇത് 54.9 ശതമാനമായിരുന്നു.
advertisement
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് വിജയിച്ചെങ്കിലും അതേ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും തങ്ങളുടെ വോട്ട് വിഹിതം ഉയര്‍ത്താന്‍ കോണ്‍ഗ്രസിനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 30.36 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. 2019ല്‍ 34.2 ശതമാനം വോട്ട് നേടാനും കോണ്‍ഗ്രസിന് സാധിച്ചു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 സീറ്റിലും ബിജെപി വിജയം കൈവരിച്ചിരുന്നു. പിന്നീട് 2018ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അജ്മീറിലും ആള്‍വാറിലും വിജയിക്കാന്‍ കോണ്‍ഗ്രസിനായെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പടയൊരുക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭയില്‍ 400 സീറ്റ് നേടി വിജയിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് ഇത്തവണ കഴിയുമെന്ന് ഉദയ് പൂരില്‍ നടത്തിയ ഒരു പൊതുപരിപാടിയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളിലെ കുടുംബവാഴ്ചയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണകാലയളവില്‍ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവര്‍ക്ക് വീട്, ശൗചാലയം, പാചകവാതക സിലിണ്ടര്‍, സൗജന്യ പച്ചക്കറികള്‍, സൗജന്യ മരുന്ന്, എന്നിവ കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയം കൂടിയാണിത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി പാളയത്തിലേക്ക് പോകുന്നത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരായ രാജേന്ദ്ര യാദവ്, ലാല്‍ ചന്ദ് കതാരിയ, എന്നിവര്‍ ബിജെപിയിലേക്ക് പോയിരുന്നു.
മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ റിച്ച്പാല്‍ മിര്‍ധ, അദ്ദേഹത്തിന്റെ മകന്‍ വിജയ് പാല്‍ മിര്‍ധ, ഖിലാദി ബൈര്‍വ, മുന്‍ സ്വതന്ത്ര എംഎല്‍എ ആലോക് ബെനിവാള്‍, കോണ്‍ഗ്രസ് സേവാ ദള്‍ അധ്യക്ഷന്‍ സുരേഷ് ചൗധരി, രാംപാല്‍ ശര്‍മ്മ, റിജു ജുന്‍ജുന്‍വാല എന്നിവരും ബിജെപിയിലേക്ക് പോയിരുന്നു.