48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനം. 80 സീറ്റുകളുള്ള ഉത്തർപ്രദേശാണ് ഒന്നാമത്.
ഇന്ത്യയിലെ 21 പ്രധാന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഫെബ്രുവരി 12 മുതൽ മാർച്ച് 1 വരെ നടത്തിയ സർവേ ഫലമാണിത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ വികാരങ്ങളും മുൻഗണനകളും വിശദമായ വിശകലനം ചെയ്യുന്ന സർവേയാണിത്.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ബിജെപിയും ചേർന്നുള്ള സഖ്യമാണ് മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
advertisement
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ച 25ൽ 23 സീറ്റുകളും നേടിയപ്പോൾ ശിവസേന മത്സരിച്ച 23ൽ 18 സീറ്റുകളിലുമാണ് വിജയിച്ചത്. അന്ന് പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായിരുന്ന എൻസിപി 19 സീറ്റുകളിൽ മത്സരിക്കുകയും നാലിടത്ത് വിജയിക്കുകയും ചെയ്തിരുന്നു.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചു. എന്നാൽ 2022ൽ ഈ സഖ്യം പിളർന്നു. പാർട്ടിയുടെ ഭൂരിപക്ഷം എംപിമാരും എംഎൽഎമാരുമായി ഏകനാഥ് ഷിൻഡെ സഖ്യം വിട്ടിറങ്ങി ബിജെപിയുമായി സഖ്യത്തിലായി. തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സഖ്യസർക്കാർ രൂപീകരിച്ചു.
സമാനമായി അജിത് പവാറും എൻസിപിയിലെ ഭൂരിപക്ഷം എം.എൽ.എമാരും കഴിഞ്ഞ വർഷം ബി.ജെ.പി-ശിവസേന സർക്കാരിൽ ചേർന്നു. ഷിൻഡെ, അജിത് പവാർ വിഭാഗങ്ങളെ യഥാക്രമം 'യഥാർത്ഥ' ശിവസേനയും 'യഥാർത്ഥ' എൻസിപിയും ആയി തിരഞ്ഞെടുപ്പ് കമ്മീഷനും മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും അംഗീകരിച്ചു.
