ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും നേരത്തെ തന്നെ സമാനമായ പ്രവചനം നടത്തിയിരുന്നു. 14ൽ 13 സീറ്റുകളും എൻഡിഎ നേടുമെന്നാണ് അദ്ദേഹത്തിൻെറ പ്രവചനം. ഇത്തരത്തിലൊരു വിജയം നേടാൻ സാധിച്ചാൽ അത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 14ൽ 9 സീറ്റുകളിലാണ് ബിജെപി വിജയം നേടിയിട്ടുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36.1 ശതമാനം വോട്ടാണ് ബിജെപി നേടിയിരുന്നത്. എന്നാൽ ഇത്തവണ അത് 49 ശതമാനമായി വർധിക്കുമെന്നും ന്യൂസ് 18 സർവേ പറയുന്നു. ഫെബ്രുവരി 12 മുതൽ മാർച്ച് 1 വരെയുള്ള തീയതികളിലായി രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നടത്തിയ പോളിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
advertisement
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിൻെറ തീരുമാനം ആസാമിൽ വലിയ ചർച്ചയാകുന്നുണ്ട്. 2019ൽ സിഎഎ നിയമത്തിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
നിയമത്തിനെതിരെ ആസാമിൽ ഇപ്പോൾ തന്നെ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ സുരക്ഷാസംവിധാനം കൂടുതൽ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനെസേഷന്റെ നേതൃത്വത്തിൽ സിഎഎ നിയമത്തിന്റെ കോപ്പികൾ കത്തിച്ച് കൊണ്ട് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ ജില്ലാ ആസ്ഥാനങ്ങളിൽ സത്യാഗ്രഹവും സംഘടിപ്പിച്ചു.
നോർത്ത് ഈസ്റ്റിലെ സുപ്രധാന സംസ്ഥാനമായ ആസാം ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. 2014 വരെ ഇവിടെ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് ബിജെപി ആധിപത്യം സ്ഥാപിക്കുകയാണ് ചെയ്തത്.
ആസാം ഗണ പരിഷദ്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നിവയുമായി സഖ്യം ചേർന്നാണ് ഇവിടെ ബിജെപി മത്സരിക്കുന്നത്. ആസാം ജാതീയ പരിഷദ്, സിപിഐഎം എന്നീ പാർട്ടികളുമായി ചേർന്നാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡി മുന്നണി മത്സരിക്കുന്നത്.
എൻഡിഎ സഖ്യത്തിന് നേതൃത്വം നൽകുന്ന ബിജെപി ഇവിടെ 11 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആസാം ഗണ പരിഷദ് രണ്ട് സീറ്റിലും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ഒരു സീറ്റിലും മത്സരിക്കും. മറുഭാഗത്ത് 14ൽ 12 സീറ്റുകളിലും കോൺഗ്രസ് മത്സരിക്കുന്നു. ഒരു സീറ്റിൽ ആസാം ജാതീയ പരിഷദും മത്സരിക്കും. മറ്റൊരു സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്ന് സീറ്റുകളും എഐയുഡിഎഫിന് ഒരു സീറ്റുമാണ് ലഭിച്ചത്.