57 ശതമാനം വോട്ട് നേടിയായിരിക്കും ഇത്തവണ ബിജെപി കുതിപ്പ് നടത്തുക. ഇൻഡി മുന്നണിക്ക് 37 ശതമാനം വോട്ട് ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് 6 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പറയുന്നു. രാജ്യത്തെ 95 ശതമാനം ലോക്സഭാ മണ്ഡലങ്ങളിലുമായി നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണ് ന്യൂസ് 18 ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഹിന്ദി ബെൽറ്റിലാണെങ്കിലും ആദിവാസി മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 2014ലും 2019ലും സംസ്ഥാനം ബിജെപിയെ തുണയ്ക്കുകയാണ് ചെയ്തത്. നിലവിൽ ബിജെപിയാണ് ഛത്തീസ്ഗഡ് ഭരിക്കുന്നത്. ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്നന്ദ്ഗാവ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗലിനെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. 2004ലും 2009ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ 90ൽ 54 സീറ്റുകളും നേടി ബിജെപിയാണ് വിജയിച്ചത്.
നേരത്തെയുള്ള മികച്ച പ്രകടനം സംസ്ഥാനത്ത് ആവർത്തിക്കാനായിരിക്കും ഇത്തവണയും ബിജെപി ശ്രമിക്കുക. പരമാവധി സീറ്റുകൾ നേടിയെടുക്കുകയായിരിക്കും അവരുടെ ലക്ഷ്യം. കോൺഗ്രസ് നിലമെച്ചപ്പെട്ടുത്താനായിരിക്കും പരിശ്രമിക്കുക. ചത്തീസ്ഗഡിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ ബിജെപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുന്നത്. നിരവധി പദ്ധതികളാണ് ആദിവാസി മേഖലയുടെ ഉന്നമനത്തിനായി ഇതിനോടകം കേന്ദ്ര സർക്കാർ ഇവിടെ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഭിലായിൽ അനുവദിച്ച ഐഐടിയുടെ ഉദ്ഘാടനം നരേന്ദ്ര മോദിയാണ് നിർവഹിച്ചത്.
മോദിക്ക് പുറമെ പ്രധാനപ്പെട്ട ബിജെപി നേതാക്കളെല്ലാം തന്നെ ഛത്തീസ്ഗഡിലെ സീറ്റുകൾ ഉറപ്പിക്കാൻ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബസ്തറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച മണ്ഡലമാണിത്.
സംസ്ഥാനത്തെ പ്രധാന നേതാവായ ഭൂപേഷ് ബാഗേലിൽ പ്രതീക്ഷയർപ്പിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോവുന്നത്. ഒബിസി വിഭാഗയത്തിലെ കുർമി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. ഇതുവരെ ആറ് സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മുൻ സംസ്ഥാന മന്ത്രിമാരും ഒരു സിറ്റിങ് എം പിയും കോൺഗ്രസ് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. ആറ് സ്ഥാനാർഥികളിൽ നാല് സ്ഥാനാർഥികളും ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ഇവിടെ തിരിച്ചുവരവ് നടത്താനാവുമെന്ന് തന്നെയാണ് ഇത്തവണ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.