TRENDING:

'കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രചരിപ്പിക്കാൻ ന്യൂസ്ക്ലിക്ക് ശ്രമിച്ചു': ഡൽഹി പോലീസ്

Last Updated:

അന്വേഷണത്തിന്റെ ഭാ​ഗമായി, ഒക്ടോബർ 3 ന് ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ 7 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതായി ഡൽഹി പോലീസ് അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രചരിപ്പിക്കാൻ വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്ക് ശ്രമിച്ചെന്ന് ഡൽഹി പോലീസ്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർകയസ്ത, അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം, നെവിൽ റോയ് സിംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഷാങ്ഹായ് ആസ്ഥാനമായുള്ള സ്റ്റാർസ്ട്രീം കമ്പനിയിലെ മറ്റ് ചില ചൈനീസ് ജീവനക്കാർ എന്നിവർ തമ്മിൽ ഇമെയിലുകൾ കൈമാറിയതായും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ആരോപിച്ചു. ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്നയാൾ കൂടിയാണ് നെവിൽ റോയ് സിംഘം.
advertisement

ഇന്ത്യയിലെ വിവിധ ജനവിഭാ​ഗങ്ങൾക്ക് ആവശ്യമായ വിതരണ സംവിധാനങ്ങളും സേവനങ്ങളും തടസപ്പെടുത്താനും കർഷക പ്രതിഷേധം ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോയി രാജ്യത്തെ സമ്പത്ത് ഇല്ലാതാക്കാനും നാശനഷ്ടം വരുത്താനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നും ഇതിനെല്ലാം വിദേശത്തു നിന്നും ധനസഹായം ലഭിച്ചെന്നും ഡൽഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റ് ആരോപിച്ചു.

Also read-36 മണിക്കൂർ ചോദ്യം ചെയ്യല്‍; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ ഉള്‍പ്പടെ രണ്ട് പേർ അറസ്റ്റിൽ

”കോവിഡ്-19 നെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളെ ഇല്ലാതാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ അവർ നടത്തി. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (People’s Alliance for Democracy and Secularism (PADS)) എന്ന ഗ്രൂപ്പുമായി ചേർന്ന് പ്രബീർ പുർക്കയസ്ത ഗൂഢാലോചന നടത്തിയതായും കണ്ടെത്തി”, എന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ റിമാൻഡ് കോപ്പിയിൽ പറയുന്നു.

advertisement

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കുക എന്ന ഉദ്ദേശത്തോടെ ഇവർ ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ചിലരും ചില വിദേശ സ്ഥാപനങ്ങളും ഇതിനായി കോടികളുടെ വിദേശ ഫണ്ട് നിക്ഷേപിച്ചതായും ഡൽഹി പോലീസിന്റെ റിമാൻഡ് കോപ്പിയിൽ പറയുന്നു. ”2018 ഏപ്രിൽ മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ നിയമവിരുദ്ധമായി ന്യൂസ് ക്ലിക്കിന് ലഭിച്ചു. പ്രബീർ പുർകയസ്ത, അമിത് സെൻഗുപ്ത, ദൊരൈസ്വാമി രഘുനന്ദൻ, ബപ്പാടിത്യ സിൻഹ, ഗൗതം നവ്‌ലഖ, ഗീത ഹരിഹരൻ, അമിത് ചക്രവർത്തി, എം/എസ് വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ് എൽഎൽസി എന്നിവർക്കെല്ലാം പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോയിൽ ഓഹരിയുണ്ട്”, ഡൽഹി പോലീസ് പറഞ്ഞു.

advertisement

അന്വേഷണത്തിന്റെ ഭാ​ഗമായി, ഒക്ടോബർ 3 ന് ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ 7 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതായി ഡൽഹി പോലീസ് അറിയിച്ചു. റെയ്ഡിനിടെ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളായ പ്രബിർ പുർക്കയസ്തയെയും അമിത് ചക്രവർത്തിയെയും ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്തു. ഇവർക്ക് കേസിൽ പങ്കുണ്ടെന്നു തെളിഞ്ഞതായും ഡൽഹി പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളും അവരുടെ കൂട്ടാളികളും ഇന്ത്യയിലും വിദേശത്തുമായി നടത്തിയ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനാണ് ശ്രമമെന്നും പോലീസ് പറഞ്ഞു. ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിൽ ഇനിയും തിരച്ചിൽ നടത്തണമെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രചരിപ്പിക്കാൻ ന്യൂസ്ക്ലിക്ക് ശ്രമിച്ചു': ഡൽഹി പോലീസ്
Open in App
Home
Video
Impact Shorts
Web Stories