നവംബർ പത്തിന് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഡോ. ഉമർ ഉൻ നബി ഓടിച്ച വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഉപകരണം(ഐഇഡി) ഉപയോഗിച്ച് നടത്തിയ ചാവേർ ആക്രമണമാണെന്ന് ഞായറാഴ്ച എൻഐഎ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിൽ ഇതുവരെ 13 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു.
ഡൽഹി ഭീകരാക്രമണ കേസ് അന്വേഷിക്കുന്ന എൻഐഎ ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ അമീർ റാഷിദ് അലി എന്നയാളെ അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടപ്പിലാക്കാൻ ചാവേർ ബോംബറായ ഡോ. ഉമർ ഉൻ നബിയുമായി ഇയാൾ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
advertisement
നവംബർ 10ന് വൈകുന്നേരം ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന വൻ സ്‌ഫോടനത്തിൽ ഹ്യൂണ്ടായി i20 കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിൽ ഐഇഡി ഘടിപ്പിച്ച് പൊട്ടിത്തെറിച്ച ചാവേർ ബോംബർ ഉമർ നബിയാണെന്ന് എൻഐഎ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ നടത്തിയ ശക്തമായ തിരച്ചിലിന് ശേഷമാണ് അമിർ റാഷിദ് അലിയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ഇയാളുടെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തത്. ഐഇഡി ഘടിപ്പിച്ച ഹ്യൂണ്ടായി i20 കാർ വാങ്ങാൻ സഹായിക്കുന്നതിനായി അലി ഡൽഹിയിലേക്ക് പോയിരുന്നുവെന്ന് എൻഐഎ കണ്ടെത്തി.
ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാന പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവരുമായി സഹകരിച്ചാണ് എൻഐഎ അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ വ്യക്തികളെയും കണ്ടെത്തുന്നതിനും കൂടുതൽ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിലായി അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് മൂന്ന് ഒൻപത് എംഎം കാലിബർ വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. ഈ വെടിയുണ്ടകൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുമതിയില്ലാത്തതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ''സുരക്ഷാ സേനയ്‌ക്കോ പ്രത്യേക വ്യക്തികൾക്കോ മാത്രമാണ് ഇത് ഉപയോഗിക്കാൻ അനുമതിയുള്ളത്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരോട് അവർക്ക് നൽകിയ വെടിയുണ്ടകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവരുടെ കൈയ്യിലുള്ള വെടിയുണ്ടകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.. വെടിയുണ്ടകൾ കണ്ടെത്തിയെങ്കിലും അത് ഉപയോഗിക്കാനുള്ള ആയുധമൊന്നും കണ്ടെത്തിയില്ല. വെടിയുണ്ടകൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അന്വേഷിക്കുകയാണ്,'' ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
