യുഎസ്, കാനഡ, യുകെ എന്നിവടങ്ങളിൽ പൗരത്വമുള്ള തീവ്രസ്വഭാവമുള്ള ഏതാനും സിക്കുകാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എസ്എഫ്‌ജെ. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അനുസരിച്ച് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ രാജ്യത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതാണ്.
എസ്എഫ്‌ജെയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാർ 2019 ജൂലൈ പത്തിന് അറിയിപ്പ് പുറപ്പെടുവിക്കുകയും അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചാബിൽ ഒരു ‘സ്വതന്ത്ര പരമാധികാര രാജ്യം’ സ്ഥാപിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും, ഖാലിസ്ഥാനുവേണ്ടി തുറന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ഇത് ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. യുഎപിഎ നിയമ പ്രകാരം ‘വ്യക്തിഗത തീവ്രവാദി’ ആയി പ്രഖ്യാപിച്ച പന്നൂനെതിരെ ഒന്നിലധികം അന്വേഷണ ഏജൻസികൾ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
advertisement
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞിരിക്കുന്ന വേളയിലാണ് ഈ നടപടി.
ഇരുരാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്ന മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയിലെ ഏജന്റുകൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം പുറത്തുവന്ന് തൊട്ടുപിന്നാലെയായിരുന്നു നടപടി. ഈ ആരോപണങ്ങൾ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റി, സമൂദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചു, യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നു എന്ന പേരിലാണ് ഗുർപത് വന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഖാൻകോട്ട്, അമൃത്സർ എന്നിവിടങ്ങളിലെ കൃഷിഭൂമിയും ചണ്ഡീഗഡിലെ വീടുമാണ് എൻഐഎ കണ്ടുകെട്ടിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പന്നുനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ ഇന്റർപോൾ തിരിച്ചയച്ചിരുന്നു.