2025 ഏപ്രിൽ 22-നായിരുന്നു പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ഭീകര സംഘടനയായ ലഷ്‌കർ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടി.ആർ.എഫ് വഴി നടപ്പാക്കിയെന്നാണ് എൻ.ഐ.എ. വ്യക്തമാക്കുന്നത്.
ലഷ്‌കറെ ത്വയ്ബയുടെ പ്രധാന കമാൻഡറായ സാജിദ് ജാട്ടാണ് ആക്രമണത്തിൻ്റെ പ്രധാന ചുമതല വഹിച്ചത്. ഇയാളുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ശ്രീനഗറിനടുത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ഭീകരരായ സുലൈമാൻ ഷാ, ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. പ്രതികൾക്കെതിരെ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതടക്കമുള്ള കുറ്റങ്ങളാണ് എൻ.ഐ.എ ചുമത്തിയിരിക്കുന്നത്.
advertisement
കൂടാതെ, ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികൾക്ക് സഹായം നൽകിയെന്നാരോപിച്ച് ജൂൺ 22-ന് എൻ.ഐ.എ. അറസ്റ്റ് ചെയ്ത പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നിവരെയും സംശയനിഴലിലാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കെതിരെ നിരന്തരം ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനിലേക്കാണ് കേസിൻ്റെ ഗൂഢാലോചന നീളുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻ.ഐ.എ. അറിയിച്ചു.
