പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് ഈ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ എട്ട് മാസം മുമ്പ് അദ്ദേഹം എന്നെ വിളിച്ച് ജിഎസ്ടി എങ്ങനെ ലളിതമാക്കാമെന്ന് ദീർഘനേരം സംസാരിച്ചു. ബഡ്ജറ്റിന് ശേഷം വീണ്ടും ഓർമ്മിപ്പിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.
ചെറിയ സംരംഭകർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കണം. അതുപോലെ സാധാരണക്കാരോടും നികുതി കൃത്യമായി അടയ്ക്കുന്നവരോടും ബഹുമാനമുണ്ടാകണം. ഈ നികുതി ഓരോ പൗരന്റെയും ജീവിതത്തെ ബാധിക്കുന്നതാണ്. അതിനാൽ നമ്മൾ കൂടുതൽ സംവേദനക്ഷമതയോടെ പെരുമാറണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ധനമന്ത്രി വ്യക്തമാക്കി.
advertisement
ജിഎസ്ടി കൗൺസിലിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കേന്ദ്ര സർക്കാർ നേരിട്ട് ഒരു നിർദ്ദേശവുമായി വരുന്നത്. ധനകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു സമിതി രൂപീകരിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ജിഎസ്ടി പരിഷ്കരണങ്ങൾ
പുതിയ പരിഷ്കരണങ്ങളനുസരിച്ച് ജിഎസ്ടി കൗൺസിൽ രണ്ട് സ്ലാബുകളുള്ള ഘടനക്ക് അംഗീകാരം നൽകി. 12%, 28% എന്നീ നിരക്കുകൾ ഒഴിവാക്കുകയും നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുകയും ചെയ്തു. നെയ്യ്, വെണ്ണ, റൊട്ടി, ഷാംപൂ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറച്ചത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി. ബിസിനസുകൾക്ക് ജിഎസ്ടി റീഫണ്ട് എളുപ്പമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങളെ നിക്ഷേപകർ ആകാംഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്.