ഇന്ത്യയെ 'ക്രെംലിന്‍റെ അലക്കുശാല' എന്നും യുക്രെയ്ൻ-റഷ്യൻ യുദ്ധത്തെ 'മോദിയുടെ യുദ്ധം' എന്നും വിശേഷിപ്പിച്ച വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പരാമർശങ്ങൾക്കെതിരെ നിർമല സീതാരാമൻ ശക്തമായി പ്രതികരിച്ചു. വിദേശ ഭരണകൂടങ്ങളിൽ നിന്നുള്ള ഇത്തരം പ്രസ്താവനകൾ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ അവർ, അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരോടാണ് തനിക്ക് കൂടുതൽ ദേഷ്യമുള്ളതെന്നും പറഞ്ഞു.
"ഇന്ത്യയിൽ നിന്നുള്ള ആരും ഇത്തരം കാര്യങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കരുത്. ഇന്ത്യക്കാർ ഈ വാക്കുകൾ ഉദ്ധരിച്ച് സംസാരിക്കുന്നതിനെ ഞാൻ എതിർക്കുന്നു. ആത്മനിർഭർ ഭാരതം എന്നത് ആത്മാഭിമാനത്തെക്കുറിച്ചാണ്. നമ്മളെല്ലാം ഒരേ സ്വരത്തിൽ ഇതിനെതിരെ പ്രതികരിക്കണം," ധനമന്ത്രി പറഞ്ഞു.
advertisement
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ 'നിർജീവമായ സമ്പദ്‌വ്യവസ്ഥ' എന്ന് വിളിച്ചതിനോട് പ്രതികരിച്ച ധനമന്ത്രി, രാജ്യത്തിനുള്ളിലെ നിഷേധാത്മക ചിന്താഗതിക്കാരാണ് തന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നതെന്ന് പറഞ്ഞു. ഒരു വിദേശ ഭരണാധികാരി അഭിപ്രായം പറഞ്ഞതുകൊണ്ട് അത് ശരിയാണെന്ന് വിശ്വസിച്ച് ആവർത്തിക്കുന്ന പ്രതിപക്ഷത്തിൻ്റെ നിലപാടിനെയും അവർ വിമർശിച്ചു.
"ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ല. രാജ്യത്തെ പൗരന്മാരുടെ പരിശ്രമത്തെയാണ് ഇത് ദുർബലപ്പെടുത്തുന്നത്," അവർ കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിൻ്റെ 'നിർജീവമായ സമ്പദ്‌വ്യവസ്ഥ' എന്ന പരാമർശത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ പിന്തുണച്ചിരുന്നു. ബിജെപി ചില ആളുകൾക്ക് വേണ്ടി സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ധനമന്ത്രി നിർമല സീതാരാമൻ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.