തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ച് വിശ്വസിച്ച് നിലകൊള്ളുന്ന നേതാക്കന്‍മാര്‍ ഉണ്ടെന്നും എന്നാല്‍ അവരുടെ എണ്ണം വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"പാര്‍ട്ടിയും രാഷ്ട്രീയവും ഏതുമായിക്കൊള്ളട്ടെ, നല്ല പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഒരിക്കലും ബഹുമാനം ലഭിക്കുകയില്ല. മോശം പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയുമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്," എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച പൊതുപരിപാടിയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന പരിപാടിയായിരുന്നു ഇത്.
advertisement
"ചര്‍ച്ചകളിലും സംവാദങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയരുന്നത് നമ്മുടെ പ്രശ്‌നമല്ല. ആശയദാരിദ്ര്യമാണ് നമ്മുടെ പ്രധാന പ്രശ്‌നം," എന്നും അദ്ദേഹം പറഞ്ഞു.
"തങ്ങളുടെ ആശയങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവരുടെ എണ്ണം ഇന്ന് കുറഞ്ഞുവരികയാണ്. പ്രത്യയശാസ്ത്രത്തിന്റെ അപചയം ജനാധിപത്യ രീതിയ്ക്ക് ഗുണകരമാകില്ല," എന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
"നമ്മുടെ ജനാധിപത്യ സംവിധാനം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്," എന്നും ഗഡ്കരി പറഞ്ഞു.
"പബ്ലിസിറ്റിയൊക്കെ ആവശ്യത്തിന് വേണം. എന്നാല്‍ ഒരു നേതാവ് പാര്‍ലമെന്റില്‍ എന്ത് സംസാരിച്ചുവെന്നല്ല തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്," എന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
അതേസമയം ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വാക്ചാതുര്യത്തെയും അദ്ദേഹം പ്രശംസിച്ചു. മുന്‍ പ്രതിരോധവകുപ്പ് മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസില്‍ നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.
"അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ശേഷം എനിക്ക് ഏറ്റവുമധികം പ്രചോദനമായ വ്യക്തിത്വമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റേത്," എന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
അതേസമയം മരണാനന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ച ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ദാസ് താക്കൂറിനെ പ്രശംസിച്ചും ഗഡ്കരി രംഗത്തെത്തി. ഇത്തരം നേതാക്കളാണ് ജനാധിപത്യ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങിയ ശേഷം അദ്ദേഹം ഓട്ടോറിക്ഷയിലാണ് സദാ സഞ്ചരിച്ചിരുന്നത്. ഇത്തരം നേതാക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രവര്‍ത്തിക്കണം," എന്നും ഗഡ്കരി പറഞ്ഞു.
അതേസമയം ഇന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും പറഞ്ഞു. ഒരു എംപി എപ്പോള്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് പറയാനാകാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
"അധികാരത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് പാര്‍ട്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാം,'' എന്നും അത്താവലെ പറഞ്ഞു.