ബിജെപിയുടെ ദേശീയ അധ്യക്ഷനായി നബിൻ ചൊവ്വാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പിൻഗാമിയായാണ് 45കാരനായ നബിൻ ചുമതലയേറ്റെടുത്തത്.
ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംഘടനാ ശക്തിയിലും തലമുറ മാറ്റത്തിലും ബിജെപി ഊന്നൽ നൽകുന്നതിന്റെ സൂചനയായാണ് നബിന്റെ നിയമനത്തെ വിലയിരുത്തുന്നത്.
ആരാണ് നിതിൻ നബിൻ?
ബിജെപിയുടെ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെയാണ് നിതിൻ നബിൻ പദവി ഏറ്റെടുത്തത്. അദ്ദേഹത്തിന് എതിരായി മറ്റാരും മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.
advertisement
അന്തരിച്ച മുതിർന്ന ബിജെപി നേതാവും നാല് തവണ ബീഹാർ എംഎൽഎയുമായിരുന്ന നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ നബിൻ. 2006ൽ പിതാവിന്റെ മരണശേഷം പട്‌ന വെസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
അന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാരിൽ റോഡ് നിർമാണ, നഗര വികസന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം സംസ്ഥാന സർക്കാരിൽ നിന്ന് രാജിവെച്ചു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച് പരിചയസമ്പത്തുള്ള അദ്ദേഹം, പാർട്ടിക്ക് പ്രഥമ പരിഗണന നൽകുന്ന ആളായി അറിയപ്പെടുന്നു. ബിജെപിയുടെ ബീഹാർ യുവജന വിഭാഗത്തിൽ പ്രവർത്തിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്നത്. ഛത്തീസ്ഗഢ് ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പു ചുമതലകളും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢിൽ കോൺഗ്രസിന്റെ ഭരണം പിഴുതെറിഞ്ഞ് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് അദ്ദേഹം നിർണായക ഇടപെടലുകൾ നടത്തി.
