"നാമനിർദേശ പത്രിക പിൻവലിക്കാനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തിൽ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ നബിന്റെ പേര് മാത്രമാണ് നിർദേശിക്കപ്പെട്ടിട്ടുള്ളതെന്ന് ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു," ലക്ഷ്മൺ വാർത്താക്കുറിപ്പിൽ പറഞ്ഞു.
45 കാരനായ നിതിൻ നബിൻ 2025 ഡിസംബർ 14നാണ് ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായത്. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കും അദ്ദേഹം. ജെ പി നദ്ദയുടെ പിൻഗാമിയായി ബിജെപിയുടെ 12-ാമത് ദേശീയ അധ്യക്ഷനായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
advertisement
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ലക്ഷ്മൺ വിശദീകരിച്ചത് ഇങ്ങനെ: 36 സംസ്ഥാനങ്ങളിൽ 30 എണ്ണത്തിലും (ആവശ്യമായ 50 ശതമാനത്തിലധികം) സംസ്ഥാന അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. ജനുവരി 16ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
"നിശ്ചയിച്ച പ്രകാരം ഇന്ന് (2026 ജനുവരി 19, തിങ്കൾ) ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയായിരുന്നു നാമനിർദ്ദേശ നടപടികൾ. നിതിൻ നബിന് അനുകൂലമായി ആകെ 37 സെറ്റ് പത്രികകളാണ് ലഭിച്ചത്. പരിശോധനയിൽ ഇവയെല്ലാം കൃത്യമാണെന്ന് കണ്ടെത്തി," പത്രക്കുറിപ്പിൽ പറയുന്നു.
നേരത്തെ, മുതിർന്ന നേതാക്കളായ ജെ പി നദ്ദ, അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ നിതിൻ നബിന് വേണ്ടിയുള്ള പത്രികകൾ സമർപ്പിച്ചു. തുടർന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് സംസ്ഥാന നേതാക്കളും അദ്ദേഹത്തെ പിന്തുണച്ച് പത്രികകൾ നൽകി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ?
നാഷണൽ കൗൺസിൽ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ബിജെപി ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. പാർട്ടിയുടെ ഭരണഘടന അനുസരിച്ച്, കുറഞ്ഞത് 15 വർഷത്തെ അംഗത്വമുള്ള സജീവ അംഗത്തെ മാത്രമേ ഈ സ്ഥാനത്തേക്ക് പരിഗണിക്കൂ. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെയെങ്കിലും സംയുക്ത പിന്തുണ അധ്യക്ഷ സ്ഥാനാർത്ഥിക്ക് ആവശ്യമാണ്.
