ബിഹാർ മന്ത്രിയും ബിജെപി നേതാവുമായ നിതിൻ നബിൻ തിങ്കളാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
advertisement
ബിജെപി പാർലമെന്ററി ബോർഡ് ഞായറാഴ്ചയാണ് നബിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം ഒരു പ്രധാന സംഘടനാ നീക്കമാണെന്നും വരും മാസങ്ങളിൽ പാർട്ടിയുടെ നേതൃമാറ്റത്തിൽ നബിൻ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റെന്ന സ്ഥാനം സംഘടന ഏൽപ്പിച്ച ഉത്തരവാദിത്തമാണെന്ന് ചുമതലയേറ്റ ശേഷം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്തുകൊണ്ട് നബിൻ പറഞ്ഞു. "എന്നെപ്പോലുള്ള ഒരു ചെറിയ പ്രവർത്തകന് വളരെ വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. പാർട്ടിയുടെ മന്ത്രം സംഘടനയ്ക്കായി പ്രവർത്തിക്കുന്നത് തുടരുക എന്നതാണ്. പ്രതിബദ്ധതയും കഠിനാധ്വാനവും സംഘടന എപ്പോഴും അംഗീകരിക്കുന്നു," അദ്ദേഹം പറഞ്ഞു.നബിൻ നിലവിൽ ബീഹാറിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) മന്ത്രിയാണ് നബിൻ. പട്നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുണ്ട്.
അന്തരിച്ച ബിജെപി നേതാവും മുൻ എംഎൽഎയുമായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിധിൻ നിബിൻ 2006-ൽ 26-ാം വയസ്സിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിതാവിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു.
ആർഎസ്‌എസുമായുള്ള ദീർഘകാല ബന്ധവും ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയുമുള്ള നേതാവായിട്ടാണ് നബിനെ മുതിർന്ന പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്. ബിഹാർ മന്ത്രി എന്ന നിലയിലും ഛത്തീസ്ഗഢിന്റെ ബിജെപി ചുമതലയുള്ള വ്യക്തി എന്ന നിലയിലും നിധിൻ വഹിച്ച പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭരണപരവും സംഘടനാപരവുമായ കഴിവുകളുടെ ഉദാഹരണങ്ങളായി പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടുന്നു.
