ലൈസന്‍സ് നേടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി) പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ അപേക്ഷ നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ അഞ്ച് മുതല്‍ പത്ത് മിനിറ്റുകള്‍ക്കുള്ളിലോ ഡിജിഎഫ്ടി ലൈസന്‍സ് അനുവദിച്ച് നല്‍കും. ഒരു വര്‍ഷം കാലാവധിയുള്ള ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
Also Read – ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
advertisement
എല്ലാ ഉപയോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വാസയോഗ്യവും ഉത്തരവാദിത്വപൂര്‍ണവുമായ ഇന്റര്‍നെറ്റ് ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നമിടുന്നതെന്ന് ഐടി മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് കൂടുതലായി വ്യാപിക്കുകയും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ എത്തുകയും ചെയ്യുന്നതോടെ ഒട്ടേറെ സൈബര്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിനാല്‍, പൗരന്മാരുടെ അപകടസാധ്യത വര്‍ധിച്ചുവരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ലംഘനങ്ങളും പ്രശ്‌നങ്ങളും കുറയ്ക്കാന്‍ ഞങ്ങള്‍ നോക്കുകയാണെന്ന് ഡിജിഎഫ്ടി അറിയിച്ചു. ഇതനുസരിച്ച് കമ്പനികള്‍ക്ക് ഐടി ഹാര്‍ഡ് വെയറുകള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇതിന് ലൈസന്‍സിങ് സംവിധാനം ഞങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എല്ലാ പൗരന്മാരും ഡിജിറ്റല്‍ പൗരന്മാരാകുകയാണ്. ആളുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എപ്പോഴുമുയരും. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നതിലെ നിയന്ത്രണങ്ങള്‍ ഇത്തരം നടപടികളുടെ തുടക്കമായി കണക്കാക്കാം.
ഇലക്ട്രോണിക്‌സ്, ഐടി ഹാര്‍ഡ് വെയറുകള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഇന്ത്യയെ കൂടുതല്‍ സ്വയം പര്യാപ്തമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഐടി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഇന്ത്യക്ക് ശേഷിയും കഴിവുമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പിഎല്‍ഐ 2.0 (PLI 2.0) എന്ന പദ്ധതിയിലൂടെ 3,29,000 കോടി രൂപയുടെ മൊത്തത്തിലുള്ള ഉത്പാദനവും 2740 കോടി രൂപയുടെ ഇലക്ട്രോണിക്‌സ് ഉത്പാദനത്തിനുള്ള അധിക നിക്ഷേപവുമാണ് ലക്ഷ്യമിടുന്നത്. ഇത് 75,000 പുതിയ നേരിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും കാരണമാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സാമ്പത്തിക ലാഭത്തിനൊപ്പം ഐടി ഹാര്‍ഡ് വെയറുകള്‍ സാധാരണക്കാരന് താങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
പിഎല്‍ഐ 2.0 ഐടി ഹാര്‍ഡ് വെയര്‍ പ്ലാനില്‍ ഇതുവരെ 44 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എച്ച്പി ഇന്‍കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള രണ്ട് കമ്പനികള്‍ ജൂലൈ 31-ന് മുമ്പ് തന്നെ അപേക്ഷ നല്‍കി കഴിഞ്ഞു. ഓഗസ്റ്റ് 30 വരെയാണ് അപേക്ഷ നല്‍കുന്നതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
