ഇന്ത്യയിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വർക്ക് ലൈഫ് ബാലൻസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'റൈറ്റ് ടു ഡിസ്കണക്ട് ബിൽ 2025' ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻസിപി എംപി സുപ്രിയ സുലെ സ്വകാര്യ ബില്ലായാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമനിർമ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്ക് സ്വകാര്യ ബിൽ അവതരിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള സ്വകാര്യബില്ലുകള്‍ സര്‍ക്കാരിന്റെ പ്രതികരണത്തിന് ശേഷം പിന്‍വലിക്കുകയാണ് പതിവ്. ജോലി സംബന്ധമായ ഇലക്ട്രോണിക് ആശയവിനിമയങ്ങളിൽ നിന്ന് വിച്ഛേദിക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും ബിൽ നൽകുന്നു.
advertisement
ഇന്നത്തെ ഡിജിറ്റൽ സംസ്കാരം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറച്ചുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരവും ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും (വർക്ക് ലൈഫ് ബാലൻസ്) വളർത്തിയെടുക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ എക്സിൽ എഴുതി.ഡിജിറ്റൽ, ആശയവിനിമയ സാങ്കേതികവിദ്യകൾ ജോലിയിൽ സൗകര്യവും അയവും നൽകുമ്പോൾ തന്നെ, അത് ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്നതിൽ അപകടസാധ്യത ഉയർത്തുന്നുവെന്ന് സുലെ സ്വകാര്യ ബില്ലിൽ വാദിച്ചു.
ജോലിക്ക് പുറത്തുള്ള സമയങ്ങളിൽ തൊഴിലുടമയുടെ കോളുകൾ, ഇമെയിലുകൾ തുടങ്ങിയവയോട് പ്രതികരിക്കാതിരിക്കാനും ബന്ധം വിച്ഛേദിക്കാനുമുള്ള ജീവനക്കാരുടെ അവകാശം അംഗീകരിച്ചുകൊണ്ട് അവരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും ബിൽ വാദിച്ചു.പ്രൊഫഷണലും വ്യക്തിപരവുമായ ഉപയോഗത്തിനായി ഡിജിറ്റൽ, ആശയവിനിമയ ഉപകരണങ്ങളുടെ ന്യായമായ ഉപയോഗത്തെക്കുറിച്ച് ജീവനക്കാരിലും പൗരന്മാരിലും അവബോധം വർദ്ധിപ്പിക്കുന്നതിന് കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
