ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യമാണുള്ളത്. ഇതോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വിധത്തിലുള്ള പ്രകോപനമുണ്ടായാൽ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നിറിയിപ്പ് നല്‍കിയത്. പാക്കിസ്ഥാന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാനിലെ സാധാരണക്കാരെയോ സൈനികരെയോ ലക്ഷ്യമിട്ടല്ല ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്റെ പ്രകോപനമപരമായ ആക്രമണങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. മുമ്പ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഉപയോഗിച്ചതും സമാന ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതുമായ തീവ്രവാദ കേന്ദ്രങ്ങളാണ് ആക്രമണത്തില്‍ തകര്‍ത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സേന പാക്കിസ്ഥാന്റെ ഒരു സൈനിക സ്ഥാപനത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഇന്ത്യന്‍ സായുധ സേനയെ പ്രതിനിധീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും വിങ് കാമണ്ടർ വ്യോമിക സിങ്ങും ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പാക്കിസ്ഥാനില്‍ ഒരു സൈനിക കേന്ദ്രത്തെയും ലക്ഷ്യമിട്ടല്ല ഇന്ത്യ ആക്രമണം നടത്തിയത്. സാധാരണക്കാര്‍ക്ക് നാശനഷ്ടം സംഭവിച്ചതായോ ജീവന്‍ നഷ്ടപ്പെട്ടതായോ റിപ്പോര്‍ട്ടുകളുമില്ലെന്ന് വിങ് കമാണ്ടർ വ്യോമിക സിങ് അറിയിച്ചു. പാക്കിസ്ഥാന്‍ പ്രകോപനപരമായി എന്തെങ്കിലും സാഹസികതയ്ക്ക് മുതിര്‍ന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും അങ്ങനെ വന്നാല്‍ അതിനെ നേരിടാന്‍ ഇന്ത്യന്‍ സേന പൂര്‍ണ്ണമായും സജ്ജമാണെന്നും അവര്‍ വിശദമാക്കി.
ഒമ്പത് ഭീകര ക്യാമ്പുകള്‍ ആക്രമണത്തില്‍ നശിപ്പിച്ചതായും സൈനിക നേതൃത്വം ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ലക്ഷ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും ഭീകരവാദത്തിലുള്ള അവരുടെ പങ്കും അടിസ്ഥാനമാക്കിയാണ് സൈന്യം ലക്ഷ്യകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് കേണല്‍ ഖുറേഷി വ്യക്തമാക്കി.
എന്നാൽ, ഇന്ത്യ പിന്മാറിയാൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് വരുന്നതിനു മിനുറ്റുകൾക്ക് മുമ്പ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തത്. പാക് അധീന പഞ്ചാബിലെ നാല് ഭീകര കേന്ദ്രങ്ങളും പാക് അധീന കശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. ഇതില്‍ പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ-തൊയ്ബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനങ്ങളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ കുറഞ്ഞത് 17 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 60-ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുണ്ട്.