ഇത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ പരീക്ഷയുടെ പുതുക്കിയ തീയതി ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in വഴി പിന്നീട് അറിയിക്കും. സയൻസ് വിഷയങ്ങളിൽ കോളേജ് അധ്യാപനത്തിനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനുമുള്ള യോഗ്യതാ പരീക്ഷയാണ് സംയുക്ത സിഎസ്‌ഐആർ -യുജിസി നെറ്റ് പരീക്ഷ.
Also read-UGC NET | ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി
ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ 19 ന് കേന്ദ്ര സർക്കാർ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു. പിന്നാലെ വിഷയം കൂടുതൽ അന്വേഷിക്കാൻ സിബിഐയെ ഏല്‍പിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പരീക്ഷയിൽ ക്രമക്കേടുകൾ നടന്നതായാണ് സിബിഐയുടെ പ്രാഥമിക കണ്ടത്തൽ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ പറഞ്ഞു.
advertisement
"ഇതുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. എങ്കിലും ഏജൻസികളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച നടന്നിട്ടുണ്ടെന്ന സൂചനയുണ്ട്. ഇതിൽ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സ്വമേധയാ നടപടി സ്വീകരിച്ചത് " ജയ്സ്വാൾ കൂട്ടിച്ചേർത്തു. യുജിസി-നെറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.