അധികാരത്തിലിരുന്നപ്പോള്‍ എത്ര മുസ്ലീം രാജ്യങ്ങളെയാണ് അദ്ദേഹം ആക്രമിച്ചതെന്ന കാര്യം ഓര്‍ക്കണമെന്നാണ് രാജ് സിംഗ് മറുപടി നൽകിയത്. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ ഇന്ത്യ ശ്രമിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നായിരുന്നു ഒബാമയുടെ പ്രസ്താവന.
” വസുദൈവ കുടുംബകമെന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ പൗരന്‍മാര്‍. എല്ലാവരെയും ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലാണ് ഞങ്ങള്‍ കാണുന്നത്,” രാജ് നാഥ് സിംഗ് പറഞ്ഞു.
” താൻ പ്രസിഡന്റായിരുന്നപ്പോൾ എത്ര മുസ്ലീം രാജ്യങ്ങളാണ് ഒബാമ ആക്രമിച്ചത്. അതേപ്പറ്റി ഓര്‍ക്കുന്നത് നല്ലതാണ്,” സിംഗ് പറഞ്ഞു.
advertisement
മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. എല്ലാ മതസ്ഥരും സഹോദരങ്ങളെപ്പോലെയാണ് ഇവിടെ കഴിയുന്നത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതങ്ങള്‍ക്കും തുല്യ പരിരക്ഷയാണ് രാജ്യത്ത് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” മുസ്ലീം രാജ്യങ്ങളില്‍ പോലും ഇസ്ലാം മതത്തിലെ 72 സമുദായങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് അവ കാണാന്‍ സാധിക്കും,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെക്കുറിച്ച് മോശമായ ധാരണയുണ്ടാക്കാന്‍ ലോകത്ത് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് ജനങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. നാളിതുവരെ എത്ര മുസ്ലീം രാജ്യങ്ങളെയാണ് ഇന്ത്യ ആക്രമിച്ചിട്ടുള്ളത് എന്ന് ഒന്ന് അന്വേഷിക്കണം. അതിന് ശേഷം ഈ പ്രചരണങ്ങളെ പരിഗണിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒബാമയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന പരാമര്‍ശമാണ് ഒബാമയുടേത് എന്നായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. അദ്ദേഹം അധികാരത്തിലിരുന്ന സമയത്ത് 6 മുസ്ലീം രാജ്യങ്ങള്‍ക്ക് നേരെ യുഎസ് സേന ബോംബിട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മോദി-ബിജെപി സഖ്യത്തെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അതിനാല്‍ പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.