നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ആഗോള നേതാക്കളുമായുള്ള മോദിയുടെ ബന്ധം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയും രാഹുൽ ഗാന്ധി, മമത ബാനർജി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ആവർത്തിച്ച് നടത്തുന്ന അധിക്ഷേപങ്ങളും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് രാഷ്ട്രീയം തത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് ചുരുങ്ങുന്നത് നിർഭാഗ്യകരമാണെന്നായിരുന്നു ഷായുടെ മറുപടി.
“ഇത്തരം തരംതാണ രാഷ്ട്രീയം ജനാധിപത്യത്തിലെ ഒരു ചിതൽ പോലെയാണ്. അത് വേരുകളെത്തന്നെ കാർന്നു തിന്നുന്നു,” അദ്ദേഹം പറഞ്ഞു. “ഇത്തരം ഭാഷ ഉപയോഗിക്കുന്നവരെയും അത്തരം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും ജനങ്ങൾ ശിക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു.
advertisement
പ്രതിപക്ഷത്തിന്റെ ജോലി അഴിമതി തുറന്നുകാട്ടുക എന്നതാണ്, എന്നാൽ അവർക്ക് പ്രധാനമന്ത്രി മോദിക്കെതിരെ അത്തരം തെളിവുകൾ ഇല്ലെന്നും അതിനാൽ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പ്രതിപക്ഷം കടന്നതെന്ന് ഷാ പറഞ്ഞു. “ആരെങ്കിലും അഴിമതിയിൽ ഏർപ്പെടുകയാണെങ്കിൽ, അത് ഒരു സ്വകാര്യ കാര്യമല്ല; അത് ഒരു പൊതു കാര്യമാണ്, അഴിമതി തുറന്നുകാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. എന്നാൽ അവർക്ക് അഴിമതി കണ്ടെത്താൻ കഴിയാത്തതിനാൽ, അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങളും, അധിക്ഷേപകരമായ വാക്കുകളും, മോദി ജിയുടെ അമ്മയെക്കുറിച്ച് പരാമർശങ്ങൾ പോലും നടത്തുന്നു. ഇത് നമ്മുടെ ജനാധിപത്യ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തില്ല,” അദ്ദേഹം പറഞ്ഞു, അത്തരം നേതാക്കളെ തിരഞ്ഞെടുപ്പുകളിൽ ശിക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു.
‘പാർലമെന്റ് ആണ് ഏറ്റവും വലിയ പഞ്ചായത്ത്’
ഇന്ത്യയിലെ “ഏറ്റവും വലിയ പഞ്ചായത്ത്” എന്നാണ് ഷാ പാർലമെന്റിനെ വിശേഷിപ്പിച്ചത്. ഭരണകക്ഷിയും പ്രതിപക്ഷവും തത്വങ്ങളെയും നയങ്ങളെയും കുറിച്ച് ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയായിരിക്കണം പാലമെന്റെന്നും അത്തരം ചർച്ചകൾക്ക് ഇതിലും വലിയ വേദി വേറെയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ പ്രതിപക്ഷ എംപിമാർ ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സമ്മേളനത്തിന്റെ ആദ്യ ദിവസം മുതൽ, വന്ദേമാതരം ചൊല്ലുമ്പോൾ പോലും അവർ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും എന്നാൽ പിന്നീട് അവർക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സമയം അനുവദിച്ചിട്ടും പ്രതിപക്ഷ അംഗങ്ങൾ പലപ്പോഴും ഇറങ്ങിപ്പോയെന്നും, കാര്യമായ ചർച്ചകൾക്ക് പകരം രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് അവരുടെ ഇടപെടലുകൾ ഉപയോഗിച്ചെന്നും, സഭയുടെ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചുവെന്നും ഷാ ചൂണ്ടിക്കാട്ടി.
‘പാർലമെന്റ് നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു’
ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതൽ പാർലമെന്ററി അച്ചടക്കം ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഷാ പറഞ്ഞു. “രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛന്റെയും മുത്തശ്ശിയുടെയും കാലം മുതൽ പാർലമെന്റ് നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു. ആ ചട്ടക്കൂടിനുള്ളിൽ തന്റെ കാഴ്ചപ്പാടുകൾ ശരിയായി അവതരിപ്പിക്കാൻ കഴിയുന്ന ഒരാളാണ് ആദർശവാനായ ഒരു എംപിയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ സമയം രാഷ്ട്രീയ നാടകങ്ങൾക്കായി പാഴാക്കണോ അതോ ഗൌവകരമായ വിഷയങ്ങൾക്കായി നീക്കിവയ്ക്കണോ എന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കേണ്ടതുണ്ടെന്ന് ഷാ പറഞ്ഞു. ബഹുകക്ഷി പാർലമെന്ററി ജനാധിപത്യ സംവിധാനം ഉയർത്തിപ്പിടിക്കണമെന്നും പാർലമെന്ററി വിശുദ്ധിയും അച്ചടക്കവും ഉറപ്പാക്കണമെന്നുമാണ് പ്രധാനമന്ത്രി മോദി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷത്തിരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു'
ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ എങ്ങനെയാണ് സഭയിൽ പെരുമാറിയതെന്നും ഷാ ഓർമിപ്പിച്ചു. “ഞങ്ങൾ പത്ത് വർഷമായി പ്രതിപക്ഷത്തായിരുന്നു. ആദ്യം, വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ഞങ്ങൾ ഒന്നോ രണ്ടോ ദിവസം പ്രതിഷേധിക്കുമായിരുന്നു, പക്ഷേ പിന്നീട് അവ ചർച്ച ചെയ്യുമായിരുന്നു,” അദ്ദേഹം ഓർമ്മിച്ചു.
ചർച്ചയ്ക്ക് ശേഷവും സർക്കാർ സമ്മതിച്ചില്ലെങ്കിൽ, തന്റെ പാർട്ടി കോടതികളെ സമീപിച്ച് അന്വേഷണണം ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. “പല കേസുകളിലും, ഞങ്ങളുടെ അപ്പീലുകളുടെ അടിസ്ഥാനത്തിൽ കോടതികൾ അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. ഇന്നും പ്രതിപക്ഷം അതിനെക്കുറിച്ച് പരാതിപ്പെടുന്നു. പക്ഷേ അവർ എവിടെയും പോകാനോ ഭരണഘടനാ വേദികളിൽ ചർച്ച ചെയ്യാനോ ആഗ്രഹിക്കുന്നില്ല. അവർ തെരുവിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ജനങ്ങൾ അവരെ തെരുവിൽ തന്നെ നിർത്തിയതെന്ന് ഞാൻ കരുതുന്നു,” ഷാ പറഞ്ഞു.