വളരെ കുറഞ്ഞ കാലം കൊണ്ടാണ് പബിത്ര കേന്ദ്രമന്ത്രി പദവിയിൽ എത്തിയിരിക്കുന്നത്. ഇതുവരെ നേരിട്ട് തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുമില്ല. 2014ൽ ബിജെപിയിൽ ചേർന്നതിന് ശേഷം അസമിലെ പാർട്ടിയുടെ വക്താവാണ് പബിത്ര. രാഷ്ട്രീയത്തിൽ പ്രവേശിച്ച് വെറും പത്ത് വർഷത്തിനുള്ളിൽ അദ്ദേഹം കേന്ദ്ര മന്ത്രിയായി മാറി. മന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പലരെയും മറികടന്നാണ് പബിത്ര മോദി മന്ത്രിസഭയിലേക്ക് എത്തുന്നത്.
2017 മുതൽ 2021 വരെ അസമിലെ സംസ്ഥാന ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു (നിലവിൽ ഭൂപൻ ഹസാരിക പ്രാദേളിക ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്) പബിത്ര. 2021 മുതൽ 2022 വരെ അദ്ദേഹം അസം സർക്കാരിൻെറ വിദ്യാർഥി – യുവജന ക്ഷേമ ഉപദേശക സമിതി അംഗമായിരുന്നു. 2022ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിനിടയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
advertisement
ഇത്തവണ അസമിലെ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നു പബിത്ര. അഹോം സമുദായത്തിൽ കൂടുതൽ വേരുറപ്പിക്കുന്നതിൻെറ ഭാഗമായാണ് പബിത്രയെ മോദി 3.0ൽ മന്ത്രിയായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അഹോമുകൾക്ക് നിർണായക സ്വാധീനമുള്ള ജോർഹത് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ബിജെപി പരാജയപ്പെട്ടിരുന്നു. കോൺഗ്രസിലെ ഗൌരവ് ഗോഗോയ് ആണ് ഇവിടെ നിന്നും വിജയിച്ചത്. അഹോം മേഖലയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ തിരിച്ചുവരവ് നടത്താൻ വേണ്ടിയാണ് ബിജെപി ഇപ്പോൾ പബിത്രയെ മന്ത്രിയാക്കിയിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം തിരിച്ച് പിടിക്കാൻ പാർട്ടി ആഗ്രഹിക്കുന്നുണ്ട്.
1974 ഒക്ടോബർ 13നാണ് ജനിച്ച പബിത്ര മാർഗരീറ്റയുടെ ജനനം. ഈ പേര് കേട്ട് സ്ത്രീയാണെന്നു തെറ്റിദ്ധരിച്ചവരുണ്ട്. അസമിലെ തീൻസൂക്യ ജില്ലയിലെ ഒരു പട്ടണമാണ് മാർഗരീറ്റ. മാർഗരീറ്റ പട്ടണത്തിന്റെ ആദ്യ പേര് മാ–കും എന്നായിരുന്നു. 1880 കളിൽ പാലം നിർമിക്കാനായി എത്തിയ ഇറ്റാലിയൻ എൻജിനീയർ റോബർട്ടോ പഗാനിനിയുടെ വരവോടെയാണ് മാർഗരീറ്റ എന്ന പേര് ഈ നാടിന് സ്വന്തമാകുന്നത്. ഇറ്റലിയിലെ മാർഗരീറ്റ രാജ്ഞിയോടുള്ള ആദരസൂചകമായിട്ടായിരുന്നു ഈ പേരിടൽ. അവിടെ ജനിച്ചുവളർന്ന പബിത്ര പേരിനോടൊപ്പം നാടിന്റെ പേര് കൂടി ചേർത്തു
പബിത്ര സ്വന്തം ജൻമസ്ഥലത്തിൻെറ പേര് അദ്ദേഹം തൻെറ സർനെയിം ആയി ഉൾപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കല – സാംസ്കാരിക മേഖലകളിലാണ് പബിത്ര പ്രവർത്തിച്ചിരുന്നത്. 1998 മുതൽ 2022 വരെ അദ്ദേഹം മായ എന്ന സാംസ്കാരിക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. 2002 മുതൽ 2005 വരെ അസം സാംസ്കാരിക മാസികയായ സാരീഗമയുടെ സ്ഥാപക പത്രാധിപരായും പ്രവർത്തിച്ചു.
അസമിലെ സിനിമാ – സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് പബിത്ര മാർഗരിറ്റ. നിരവധി അസമീസ് സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മൂവി സീരീസുകളും ശ്രദ്ധയാകർഷിച്ച ആൽബങ്ങളുമെല്ലാം അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. അസമിലെ പ്രമുഖ നടിയും ഡാൻസറുമായ ഗായത്രി മഹന്തയാണ് പബിത്രയുടെ ഭാര്യ. ഞായറാഴ്ച ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്താണ് പബിത്ര മന്ത്രിയായി അധികാരമേറ്റെടുത്തത്.