അനന്ത്‌നാഗിൽ താമസിക്കുന്ന വാലി മുഹമ്മദ് തോക്കറിന്റെ മകൻ ആദിൽ ഹുസൈൻ തോക്കർ, പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർമാരായ സൈഫുള്ള കസൂരി, അബു മൂസ എന്നിവരുമായി സഹകരിച്ചാണ് പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ആദിൽ നിലവിൽ ഒളിവിലാണ്. ആദിലിനും സഹായികൾക്കും വേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
2018-ൽ തെക്കൻ കശ്മീരിൽ തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതോടെയാണ് ആദിൽ നിരീക്ഷണത്തിലാകുന്നത്. അതേ വർഷം ആദിൽ വാഗ വഴി ഒരു വിടിഡി സംഘടിപ്പിച്ച് പാകിസ്ഥാനിലേക്ക് പോയി. പിന്നീട് ആദിലിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. താമസിയാതെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ എൽഇടിയിൽ അദ്ദേഹം ചേർന്നതായി റിപ്പോർട്ടുകൾ വന്നു .
advertisement
അതേസമയം, ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി സായുധ പോലീസും സൈനികരും വീടുകളിലും വനങ്ങളിലും പരിശോധന നടത്തി. മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് പിന്തുണനൽകുന്ന ശൃംഖല തകർക്കുന്നതിനുള്ള ഇന്റലിജൻസ് ശ്രമങ്ങളുടെയും തുടർച്ചയായ അന്വേഷണത്തിന്റെയും ഭാഗമായിരുന്നു ഈ തിരച്ചിലുകൾ എന്ന് പോലീസ് പറഞ്ഞു. പഹൽഗാം സ്ഥിതി ചെയ്യുന്ന അനന്ത്‌നാഗ് ജില്ല, ബന്ദിപോറ, ഗന്ദർബാൽ, പുൽവാമ, കത്വ, കുൽഗാം, പൂഞ്ച്, രജൗരി, കിഷ്ത്വാർ, ഉധംപൂർ എന്നിവിടങ്ങളിലാണ് തിരച്ചിൽ നടന്നത്.